ക്രൂഡ് ഓയില്‍ വിലവര്‍ധന ഇന്ത്യയെ ബാധിക്കും; പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഹിന്ദുസ്ഥാന്‍ പെട്രോളിയം

0
245

മുംബൈ (www.mediavisionnews.in) : ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്.പി.സി.എല്‍). 10 ശതമാനമാണ് ക്രൂഡ് ഓയില്‍ വിലവര്‍ധനയുണ്ടായിരിക്കുന്നത്. ഇതു തുടര്‍ന്നാല്‍ ഔട്ട്‌ലെറ്റുകളിലെ എണ്ണവില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് എച്ച്.പി.സി.എല്‍ ചെയര്‍മാന്‍ എം.കെ സുരാന വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു.

നിലവില്‍ രാജ്യത്തെ ഇന്ധനവില തീരുമാനിക്കുന്നത് മിഡില്‍ ഈസ്റ്റിലെ 15 ദിവസത്തെ ബെഞ്ച് മാര്‍ക്ക് വിലയുടെ ശരാശരി കണക്കാക്കിയാണ്.

കഴിഞ്ഞ ശനിയാഴ്ച സൗദിയിലെ അരാംകോ കമ്പനിയുടെ എണ്ണ ശുദ്ധീകരണശാലയില്‍ നടന്ന ഡ്രോണ്‍ ആക്രമണം ക്രൂഡ് ഓയില്‍ വിലയുയരാന്‍ കാരണമായി.

ബാരലിന് 70 ഡോളറായാണ് എണ്ണവില ഉയര്‍ന്നത്. 28 വര്‍ഷത്തിടെ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വിലവര്‍ധനവാണിത്. വില ബാരലിന് 80 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

സൗദിയില്‍ എണ്ണ ഉല്‍പാദനം പൂര്‍വ്വസ്ഥിതിയിലാവാന്‍ ദിവസങ്ങളോളം എടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. സൗദി അറേബ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണിയില്‍ ഇത് വലിയ പ്രതിഫലനങ്ങള്‍ ഉണ്ടാക്കും.

മുമ്പ് ഇറാഖ് കുവൈറ്റ് യുദ്ധകാലത്താണ് എണ്ണ വില ഇത്രയധികം കൂടിയത്. ആഗോള വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഒിരു ഡോളര്‍ കൂടിയാല്‍ ഇന്ത്യയുടെ ഇറക്കുമതിച്ചിലവില്‍ 10700 കോടി രൂപ വര്‍ധിയ്ക്കും. നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡോയിലിന് വിപണിയില്‍ ബാരലിന് 60.04 ഡോളറാണ് വില. സൗദി പ്രതിസന്ധിയോടെ ഇന്ത്യയുടെ ഇറക്കുമതിച്ചെലവില്‍ 60,000 കോടിയോളം രൂപയുടെ വര്‍ധനയുണ്ടാവും.

ഇറാന്‍,വെനസ്വേല എന്നിവിടങ്ങളില്‍ നിന്ന് പ്രതിദിനം ആറു ലക്ഷത്തോളം ബാരല്‍ ക്രൂഡോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇരു രാജ്യങ്ങളിലും അമേരിക്ക ഉപരോധം തീര്‍ത്തതോടെ എണ്ണ ഇറക്കുമതി നിര്‍ത്തലാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു.

ഇതോടെയാണ് ഇന്ത്യക്ക് സൗദി,യു.എസ് എന്നീ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നത്. പ്രതിദിനം രണ്ടു ലക്ഷം ബാരല്‍ എണ്ണയാണ് അരാംകോയില്‍ നിന്ന് മാത്രം ഇന്ത്യക്ക് അധികമായി ലഭിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 

LEAVE A REPLY

Please enter your comment!
Please enter your name here