കുമ്പള: (www.mediavisionnews.in) കൊടിയമ്മ പാലം തകർന്നിടത്ത് ഇരുമ്പ് നടപ്പാലം നിർമ്മിക്കുന്നതിന് ഭരണാനുമതി ഉടൻ ലഭ്യമാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതേക അനുമതി വാങ്ങി പുതിയ പാലത്തിന്റെ ടെണ്ടർ നടപടി ഉടൻ പൂർത്തീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് കൊടിയമ്മ ശാഖാ കമ്മിറ്റി ജില്ലാ കലക്ടറെ കണ്ട് നിവേദനം നൽകി.
കുമ്പള പഞ്ചായത്തിലെ കൊടിയമ്മ പാലം കാലവർഷ കെടുതിയിൽ കഴിഞ്ഞ ജൂലൈ 21 നാണ് തകർന്നത്. പാലം തകർന്നതിനാൽ സ്കൂൾ – മദ്റസാ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതു ജനങ്ങൾ വളരെ പ്രയാസത്തിലാണ്. പുതിയ പാലം നിർമ്മിക്കുന്നതിന് കാസർകോട് വികസന പാക്കേജിൽ നിന്നും ഒരു കോടി രൂപയ്ക്ക് പുതുക്കിയ ഭരണാനുമതിയും തുടർന്ന് സാങ്കേതികാനുമതിയും ലഭിച്ചതാണ്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ടെണ്ടർ ചെയ്യാൻ സാധിക്കില്ല എന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. അതിനാൽ കാലവർഷത്തിൽ തകർന്ന ഒരു പാലത്തിന്റെ പ്രവൃത്തി എന്ന നിലയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങി ടെണ്ടർ നടപടി വേഗത്തിലാക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ കളക്ടറോട് നിവേദനത്തിൽ ആവശ്യപ്പെട്ടു.
കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ പുണ്ടരികാക്ഷയുടെ സാന്നിധ്യത്തിലാണ് കലക്ടറെ കണ്ടത്. യൂത്ത് ലീഗ് ഭാരവാഹികളായ സിദ്ധീഖ് ഊജാർ, നൗഫൽ കൊടിയമ്മ, അബ്ദുല്ല ഇച്ചിലംപാടി, നിസാമുദ്ധീൻ സി.എം, സിദ്ധീഖ് സി.എ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.