ചെന്നൈ (www.mediavisionnews.in) :തമിഴ്നാട് പ്രീമിയര്‍ ലീഗിനെ പിടിച്ചു കുലുക്കി ഒത്തുകളി ആരോപണം. ഒത്തുകളി നടന്നതായുള്ള ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ബിസിസിഐ അന്വേഷണം പ്രഖ്യാപിച്ചു. ഒരു ഇന്ത്യന്‍ താരം ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് (എസിയു) അന്വേഷണം നടത്തുന്നത്. തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ അവസാന സീസണില്‍ ഒത്തുകളി നടന്നതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. പുറത്തുവരുന്ന വിവരം അനുസരിച്ച് ഇന്ത്യന്‍ ദേശീയ ടീം താരമടക്കം മൂന്ന് പേര്‍ സംശയത്തിന്റെ നിഴലിലാണ്. ഒരു ഐപിഎല്‍ താരവും ഒരു രഞ്ജി ടീം പരിശീലകനും ഒത്തുകളി ആരോപണം നേരിടുന്നുണ്ട്.
വൈകാതെ ഇവരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. നിലവിലെ ഇന്ത്യന്‍ ദേശീയ ടീം അംഗങ്ങളായ രവിചന്ദ്ര അശ്വിന്‍, ദിനേഷ് കാര്‍ത്തിക്, വിജയ് ശങ്കര്‍, മുരളി വിജയ്, അഭിനവ് മുകുന്ദ് തുടങ്ങിയവരെല്ലാം തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിച്ചിരുന്നു. അടുത്തിടെ ആത്മഹത്യ ചെയ്ത ടിഎന്‍പിഎല്‍ ടീം ഓണര്‍ വിബി ചന്ദ്രശേഖരന്റെ ആത്മഹത്യക്ക് പിന്നിലും ഒത്തുകളി സംഘമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
തമിഴ്നാട് പ്രീമിയര്‍ ലീഗിന്റെ നാലാം സീസണില്‍ ഒത്തുകളി സംഘത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കുന്നതെന്ന് എസിയു തലവന്‍ അജിത് സിംഗ് പറഞ്ഞു. മുന്‍ രാജസ്ഥാന്‍ ഡിജിപി കൂടിയാണ് അജിത് സിംഗ്. അപിരിചിതരായ ചിലര്‍ ഒത്തുകളിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചതായി താരങ്ങളില്‍ ചിലര്‍ എസിയുവിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
2016-ല്‍ ആരംഭിച്ച തമിഴ്നാട് പ്രീമിയര്‍ ലീഗിന് മികച്ച ആരാധകപിന്തുണയാണുള്ളത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.