ഇനി ഒരു കളിക്കാരനും ബിരിയാണിയില്ല; പാക് താരങ്ങള്‍ എന്ത് കഴിക്കണമെന്ന് ഇനി മിസ്‍ബ തീരുമാനിക്കും

0
261

കറാച്ചി (www.mediavisionnews.in)  പാകിസ്താന്‍ ക്രിക്കറ്റില്‍ സമഗ്രമായ ഒരു ഉടച്ചുവാര്‍ക്കലിന് ഒരുങ്ങുകയാണ് പുതിയ മുഖ്യ പരിശീലകനും സെലക്ടറുമായ മിസ്ബാ ഉല്‍ ഹഖ്. അതിന്റെ ആദ്യ പടി എന്നോണം സുപ്രധാന പ്രഖ്യാപനവും മിസ്‍ബ നടത്തിക്കഴിഞ്ഞു. പാക് താരങ്ങളുടെ ശരീരഘടന തന്നെയാണ് അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ പാക് ടീമില്‍ ഒരു പുതിയ ഫിറ്റ്നസ് സംസ്കാരം വളർത്തിയെടുക്കുന്നതിന് കളിക്കാർക്കുള്ള ഭക്ഷണക്രമം തീരുമാനിച്ചിരിക്കുകയാണ് മിസ്‍ബ.

“ഇനി മുതല്‍ കളിക്കാര്‍ക്ക് ബിരിയാണിയോ എണ്ണ സമ്പന്നമായ ചുവന്ന മാംസ ഭക്ഷണമോ മധുര പലഹാരങ്ങളോ ഇല്ല. ആഭ്യന്തര സീസണിൽ എല്ലാ ടീമുകൾക്കും ബാർബിക്യൂ ഇനങ്ങളും ധാരാളം പഴങ്ങളും പാസ്തയും അടങ്ങിയ ഭക്ഷണമായിരിക്കും വിളമ്പുകയെന്നും ദേശീയ ക്യാമ്പുകളിലും ഇതേ ഭക്ഷണക്രമം പിന്തുടരുമെന്നും മിസ്ബ വ്യക്തമാക്കി. പാകിസ്താൻ താരങ്ങള്‍ക്ക് ജങ്ക് ഫുഡിനോടും എണ്ണ സമ്പന്നമായ വിഭവങ്ങളോടും ഒരു പ്രത്യേക താൽപ്പര്യമുണ്ടെന്ന് അറിയാമെന്നും ഇനി അത് നടക്കില്ലെന്നുമാണ് മിസ്ബയുടെ പക്ഷം. താരങ്ങളുടെ ഫിറ്റ്നസ്, ഡയറ്റ് പ്ലാനുകൾ എന്നിവയ്ക്കായി ഒരു ലോഗ് ബുക്ക് സൂക്ഷിക്കണമെന്നും മിസ്ബ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 43 വയസ്സ് വരെ അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള താരമാണ് മിസ്‌‍ബ.

പാക് ക്രിക്കറ്റ് കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ശാരീരികക്ഷമതയുള്ള താരങ്ങളില്‍ ഒരാളായിരുന്നു മിസ്‍ബ. 45 ാം വയസിലും ക്രിക്കറ്റില്‍ സജീവമായിട്ടുള്ള മിസ്ബ ഏതൊരു താരത്തിനും മാതൃകയാണ്. ഒരു പരിശീലകനെന്ന നിലയിൽ, ആക്രമണാത്മകമായി കളിക്കുകയും എളുപ്പത്തിൽ വിജയിക്കുകയും ചെയ്യുന്ന ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ താൻ ശ്രമിക്കുമെന്നും ചില സാഹചര്യങ്ങളില്‍ എതിരാളിയുടെ ശക്തി വിലയിരുത്തി അതിനനുസരിച്ച് കളിക്കളത്തില്‍ വെച്ച് താരങ്ങള്‍ തന്നെ തന്ത്രങ്ങള്‍ മെനയണമെന്നും മിസ്‍ബ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here