ദില്ലി: (www.mediavisionnews.in) രാജ്യത്ത് വീണ്ടും നികുതി പരിഷ്കരണം. ടൂറിസം മേഖലയെ ഉന്നമിട്ടുള്ള ജി എസ് ടി പരിഷ്കരണത്തിനാണ് ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗൺസിൽ പ്രാധാന്യം നല്‍കിയത്. ഇത് പ്രകാരം ഹോട്ടൽ ജി എസ്ടി നിരക്കുകൾ കുറയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ആയിരം വരെയുള്ള മുറികൾക്ക് നികുതിയുണ്ടാകില്ലെന്ന് കൗണ്‍സില്‍ അറിയിച്ചു.
7500 രൂപ വരെയുള്ള മുറികൾക്ക് 18 ശതമാനമായിരുന്ന ജി എസ് ടി നിരക്ക് 12 ശതമാനമാക്കി കുറച്ചു. 7500 രൂപയ്ക്കു മുകളിലുള്ള മുറികൾക്ക് 18 ശതമാനം നികുതിയാകും ഇടാക്കുക. കാറ്ററിംഗ് സർവ്വീസിനുള്ള ജിഎസ്ടി 5 ശതമാനമാക്കി മാറ്റിയിട്ടുണ്ട്. ഒപ്പം തന്നെ ഇലപാത്രങ്ങൾക്കും കപ്പുകൾക്കും നികുതി ഈടാക്കില്ലെന്നും യോഗത്തില്‍ തീരുമാനമായി.
അതേസമയം വാഹന നികുതിയില്‍ മാറ്റമുണ്ടാകില്ല. നേരത്തെ വ്യാവസായിക മേഖലയിലെ മാന്ദ്യം മറികടക്കാൻ കോർപ്പറേറ്റ് നികുതിയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 22 ശതമാനായും പുതിയ കമ്പനികളുടേത് 15 ശതമാനമായും കുറച്ച് സർക്കാർ ഓഡിനൻസ് പുറപ്പെടുവിച്ചു. ആകെ ഒരുലക്ഷത്തി നാല്പത്തയ്യായിരം കോടി രൂപയുടെ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ധനമന്ത്രി നിർമ്മലാസീതാരാമൻ വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 25 ശതമാനത്തിൽ നിന്നാണ് 22 ശതമാനമായി കുറച്ചത്. സർച്ചാർജും സെസും കൂട്ടി 25.17 ശതമാനം നികുതി മാത്രം നല്കിയാൽ മതി. ഈ വർഷം ഒക്ടോബർ ഒന്നിന് ശേഷം സ്ഥാപിക്കുന്ന പുതിയ കമ്പനികൾ നികുതി 15 ശതമാനം മാത്രമായിരിക്കും. പുതിയ കമ്പനികൾക്ക് സർച്ചാർജും ചേർത്ത് 17.01 ശതമാനം നല്കിയാൽ മതി. 2023 മാർച്ചിനു മുമ്പ് ഉത്പാദനം തുടങ്ങുന്ന കമ്പനികൾക്കാണ് ഇളവ്. കുറഞ്ഞ കോർപ്പറേറ്റ് നികുതിയിലേക്ക് മാറുന്ന കമ്പനികൾ മറ്റ് ആനുകൂല്യങ്ങൾ കൈപറ്റാൻ പാടില്ല. ഈ കമ്പനികൾ മിനിമം ഓൾട്ടർനേറ്റ് ടാക്സും (മാറ്റ്) നൽകേണ്ടതില്ല.
മറ്റു കമ്പനികളുടെ മാറ്റ് 18.5 ശതമാനത്തിൽ നിന്ന് 15 ശതമാനമാക്കി കുറച്ചിട്ടുണ്ട്. കമ്പനികളുടെ ഓഹരി കൈമാറ്റത്തിലൂടെയുള്ള മൂലധന വരുമാനത്തിനും വിദേശ ഓഹരി നിക്ഷേപകരുടെ മൂലധന വരുമാനത്തിനും അധിക സർച്ചാർജ് ഈടാക്കില്ല. ജൂലൈ അഞ്ചിനു മുമ്പ് ഓഹരികൾ തിരിച്ചെടുക്കാൻ തീരുമാനിച്ച കമ്പനികൾക്ക് ഇതിനുള്ള നിരക്കിൽ ഇളവു നൽകും.
ഇൻകുബേറ്റർ, സർവ്വകലാശാലകൾ, ഐഐടികൾ, പൊതുശാസ്ത്രഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്കും സിഎസ്ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിളിറ്റി) ഫണ്ട് കമ്പനികൾക്ക് ഉപയോഗിക്കാം. നികുതി ഇളവ് വഴി ഉത്പാദനം കൂടും എന്നതിനാൽ ധനകമ്മി കാര്യമായി കൂടില്ല എന്നാണ് സർക്കാർ പ്രതീക്ഷ. വാഹന, റിയൽ എസ്റ്റേറ്റ്, ടൂറിസം മേഖലകളുടെ നികുതി കുറക്കയ്ണമെന്ന നിർദ്ദേശം ജിഎസ്ടി കൗൺസിൽ പരിഗണിക്കുമ്പോഴാണ് കോർപ്പറേറ്റ് നികുതിയിലെ ഈ വൻ ഇളവ് പ്രഖ്യാപനം. സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിന് തൊട്ടുമുമ്പാണ് ധനമന്ത്രിയുടെ ഈ വൻപ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.