ന്യൂഡല്‍ഹി: (www.mediavisionnews.in) ജമ്മു കശ്മീരില്‍ വീട്ടു തടങ്കലിലായിരുന്ന സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസുഫ് തരിഗാമിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹിയില്‍ എത്തിക്കാനായത്. സുപ്രിം കോടതി വിധി പ്രകാരമാണ് നടപടി.
തരിഗാമിക്കൊപ്പം ഡോക്ടറും കുടുംബാംഗങ്ങളുമുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ വീട്ടു തടങ്കലിലാക്കിയത്. തരിഗാമിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് യെച്ചൂരിക്ക് അദ്ദേഹത്തെ വീട്ടിലെത്തി കാണാനും ചികിത്സയ്ക്കായി ഡല്‍ഹിയിലെത്തിക്കാനും അനുമതി ലഭിക്കുകയായിരുന്നു.
കുല്‍ഗാമില്‍ നിന്ന് നാല് തവണ എം.എല്‍.എയായ സി.പി.എമ്മിന്റെ കരുത്തനായ നേതാവാണ് തരിഗാമി. ഓഗസ്റ്റ് 29 നാണ് യെച്ചൂരി കശ്മീരിലെത്തിയത്. ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് ശേഷം ആദ്യമായി കശ്മീരിലെത്തിയ ദേശീയ രാഷ്ട്രീയ നേതാവ് കൂടിയാണ് യെച്ചൂരി.
തരിഗാമിയെ കാണാന്‍ കശ്മീരിലെത്തിയ യെച്ചൂരി ഒരു ദിവസം അവിടെ തന്നെ തങ്ങി. കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം സുപ്രിം കോടതിയില്‍ യെച്ചൂരി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തരിഗാമിയുടെ ആരോഗ്യനിലയെ കുറിച്ച് യെച്ചൂരി ആശങ്ക പ്രകടിപ്പിച്ചു. 72 വയസ്സുള്ള തരിഗാമിയുടെ ആരോഗ്യനില മോശമാണെന്നാണ് യെച്ചൂരി കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം പറഞ്ഞത്. ഇതെല്ലാം പരിഗണിച്ചായിരുന്നു സുപ്രിം കോടതിയുടെ ഇടപെടല്‍.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.