മഞ്ചേശ്വരം: (www.mediavisionnews.in) നിയമസഭാ ഉപതിരഞ്ഞെടുപ്പ് നാമനിർദേശപത്രികാ സമർപ്പണത്തിന്റെ മൂന്നാംനാൾ ഒരാൾ നാമനിർദേശപത്രിക സമർപ്പിച്ചു. തമിഴ്നാട് സേലം സ്വദേശിയായ ഡോ. കെ.പദ്മരാജനാണ് പത്രിക സമർപ്പിച്ചത്. മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ലഭിച്ച ആദ്യ നാമനിർദേശപത്രിക ഇദ്ദേഹത്തിന്റെതാണ്. 60 വയസ്സുകാരനായ ഇദ്ദേഹം, വരണാധികാരിയായ ഡെപ്യൂട്ടി കളക്ടർ (എൽ.ആർ.) എൻ.പ്രേമചന്ദ്രൻ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
തമിഴ്‌നാട് സേലത്ത് ടയർ റീസോളിങ് കട നടത്തുന്ന ഡോ. പദ്‌മരാജന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഒരു വിനോദമാണ്. പ്രമുഖരായ പലർക്കെതിരേയും മത്സരിച്ച് ഇതിനകം ലിംക ബുക്ക് ഓഫ് റെക്കോഡ് നേടി ലോക ഗിന്നസ് റെക്കോഡിലേക്കുള്ള യാത്രയിലാണ്. തിങ്കളാഴ്ച കഴിഞ്ഞ പാല ഉപതിരഞ്ഞെടുപ്പിലും വയനാട് രാഹുൽഗാന്ധിക്കെതിരേയും മത്സരിച്ച ഇദ്ദേഹം തമിഴ്‌നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിത, എം.കരുണാനിധി, കേരളത്തിലെ ഇ.കെ.നായനാർ, എ.കെ.ആന്റണി തുടങ്ങിയ പ്രമുഖർക്കെതിരേയും മത്സരിച്ചിട്ടുണ്ട്. കെ.ആർ.നാരായണൻ, എ.പി.ജെ.അബ്ദുൽകലാം, ഗ്യാനി സെയിൽ സിങ് എന്നീ രാഷ്ട്രപതിമാർക്കെതിരേയും ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്. 207-ാമത്തെ മത്സരത്തിനാണ് മഞ്ചേശ്വരത്ത് പത്രിക സമർപ്പിച്ചിരിക്കുന്നത്. പയ്യന്നൂർ കുഞ്ഞിമംഗലത്ത് വേരുകളുള്ള ഇദ്ദേഹം ജനിച്ചതും വളർന്നതും തമിഴ്‌നാട്ടിലാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.