കാസര്‍കോട് (www.mediavisionnews.in) :പെര്‍മുദെ മണ്ടെക്കാപ്പിലെ രാമകൃഷ്ണ മൂല്യയെ (46) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതിയില്‍ ആരംഭിച്ചു. എടനീര്‍ ചൂരിമൂലയിലെ ഉമ്മര്‍ ഫാറൂഖ് (38), മുളിയാര്‍ പൊവ്വലിലെ നൗഷാദ് ഷെയ്ഖ് (35), ബോവിക്കാനം എട്ടാംമൈലിലെ അബ്ദുല്‍ ആരിഫ് (35), ചെങ്കളയിലെ കെ. അഷ്‌റഫ് എന്നിവരാണ് പ്രതികള്‍. പെര്‍മുദയിലെ ജി.കെ. സ്റ്റോര്‍സ് ഉടമയായിരുന്ന രാമകൃഷ്ണ മൂല്യ 2017 മെയ് 4നാണ് കൊല്ലപ്പെട്ടത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെ കടയില്‍ അതിക്രമിച്ച് കയറിയ സംഘം രാമകൃഷ്ണ മൂല്യയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ടേക്കാപ്പ് ഗുളികന്‍ ദേവസ്ഥാനത്തെ ഭണ്ഡാരം കവര്‍ച്ച ചെയ്യാനുള്ള ശ്രമം രാമകൃഷ്ണമൂല്യയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടയുകയും മോഷ്ടാക്കളെ പൊലീസിലേല്‍ പ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിലെ പ്രധാന സാക്ഷിയായിരുന്നു രാമകൃഷ്ണ മൂല്യ. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാക്ഷിമൊഴിയില്‍ നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെട്ടുവെങ്കിലും കടയുടമ വഴങ്ങിയില്ല.
ഇതിലുള്ള വൈരാഗ്യം മൂലമാണ് പ്രതികള്‍ രാമകൃഷ്ണ മൂല്യയെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. അന്നത്തെ കുമ്പള സി.ഐ വി.വി മനോജാണ് ഈ കേസില്‍ അന്വേഷണം നടത്തിയത്. കേസില്‍ 56 സാക്ഷികളുണ്ട്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.