ഞാന്‍ കാരണം സഹപ്രവര്‍ത്തകര്‍ തല കുനിക്കേണ്ടി വരില്ല, പ്രസംഗത്തെ വളച്ചൊടിച്ചവര്‍ക്ക് ദുഷ്ടലാക്ക് മാത്രം: അബ്ദുല്‍ വഹാബ് എം.പി

0
226

മലപ്പുറം: (www.mediavisionnews.in) എല്‍.ഡി.എഫ് സര്‍ക്കാരിനെ അനുകൂലിച്ച്‌ പ്രസ്താവന നടത്തിയെന്ന വിവാദമുണ്ടാക്കുന്നവര്‍ക്ക് ദുഷ്ടലാക്കുമാത്രമാണുള്ളതെന്ന് പി.വി. അബ്ദുല്‍വാഹാബ് എം.പി.
പോത്തുകല്ലില്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും വഹാബ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വിശദീകരിച്ചു. എന്റെ പ്രസംഗത്തില്‍ പാര്‍ട്ടിയുടെ നയനിലപാടുകള്‍ക്ക് എതിരായ പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍, പ്രവര്‍ത്തകര്‍ക്ക് അതില്‍ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദപ്രകടനം നടത്തുകയാണ്. എന്റെ സഹപ്രവര്‍ത്തകരുടെ തലകുനിയുന്നതിനു ഞാന്‍ കാരണമാവില്ലെന്നും കുറിപ്പില്‍ അദ്ദേഹം കുറിക്കുന്നു.

അബ്ദുള്‍വഹാബ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രളയകാലത്തു നിലമ്ബൂരില്‍ ജീവന്‍ നഷ്ടപ്പെട്ട 59 പേരുടെ കുടുംബങ്ങളെ വിളിച്ചു ചേര്‍ത്ത് സര്‍ക്കാര്‍ നടത്തിയ യോഗത്തിലെ എന്റെ പ്രസംഗത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മനസിലാക്കുന്നു.

നാടിനെ ഞെട്ടിച്ച വന്‍ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും ജീവനുകള്‍ പൊലിഞ്ഞതിന്റെ വേദനയില്‍ നിന്നും മോചിതരാവാത്ത കുടുംബങ്ങള്‍ക്ക് മുമ്ബില്‍ അവര്‍ക്ക് അല്‍പമെങ്കിലും പ്രതീക്ഷയും ആശ്വാസവും നല്‍കാനാണു ഞാന്‍ ശ്രമിച്ചത്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണു ഈ യോഗത്തില്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം പണം കൈയില്‍ ഉണ്ടായിട്ടും അത് സമയബന്ധിതമായി ചെലവഴിക്കാനോ ആളുകള്‍ക്ക് എത്തിക്കാനോ സാധിച്ചിട്ടില്ല എന്ന വിമര്‍ശനവും ഉന്നയിച്ചു.

നഷ്ടപരിഹാര തുക ഉടന്‍ ലഭ്യമാവും എന്നു പറഞ്ഞത് ആ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതോടൊപ്പം വേദിയിലുള്ള സര്‍ക്കാര്‍ പ്രതിനിധികളുടെ ശ്രദ്ധ വിഷയത്തില്‍ പതിയാന്‍ കൂടിയായിരുന്നു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പ്രിയപ്പെട്ട കെ.പി.എ മജീദ് സാഹിബ് ആവശ്യപ്പെട്ട 10 ലക്ഷം മാത്രമല്ല, അതിലേറെയാണ് ജീവന്റെ വില എന്നാണ് അദ്ദേഹത്തെ പരാമര്‍ശിച്ച വാചകം. അതും ചിലര്‍ വളച്ചൊടിച്ചു. രാഷ്ട്രീയ വൈരാഗ്യങ്ങള്‍ വെടിഞ്ഞ് ഒറ്റക്കെട്ടായാണ് നമ്മള്‍ ദുരന്തങ്ങളെ നേരിടാറുള്ളത്. എന്റെ നേതാക്കള്‍ എന്നെ പഠിപ്പിച്ചതും അതാണ്.

ദുരന്ത ഭൂമിയില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് സഹായം ലഭ്യമാവുന്ന ഏതു പദ്ധതിയോടും സഹകരിച്ച്‌ മുന്നോട്ട് പോവുക എന്നതായിരുന്നു ആ സമയത്ത് ഞാന്‍ സ്വീകരിച്ച സമീപനം.
റീ ബില്‍ഡ് നിലമ്ബൂര്‍ പദ്ധതിയില്‍ അവര്‍ എന്നെ ഉള്‍പെടുത്തിയപ്പോള്‍ അതു സമ്മതിച്ചതും ഈ നയത്തിന്റെ ഭാഗമായിട്ടാണ്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ വികസന കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സാധിക്കില്ലല്ലോ.

ആളുകളില്‍ ആശ്വാസം നല്‍കുന്ന തരത്തില്‍ ഞാന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നവരുടെ രഷ്ട്രീയ ദുഷ്ടലാക്ക് പ്രവര്‍ത്തകര്‍ മനസിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരില്‍ ഒരു പ്രതിപക്ഷ പാര്‍ട്ടി എന്ന നിലക്ക് യു.ഡി.എഫ് സ്വീകരിക്കുന്ന നിലപാടുകളെ എന്നും ഉറക്കെ പറയാന്‍ ഒരു മടിയുമില്ല.

എന്റെ പ്രസംഗത്തില്‍ പാര്‍ട്ടിയുടെ നയനിലപാടുകള്‍ക്ക് എതിരായ പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍, പ്രവര്‍ത്തകര്‍ക്ക് അതില്‍ വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ നിര്‍വ്യാജം ഖേദപ്രകടനം നടത്തുകയാണ്. എന്റെ സഹപ്രവര്‍ത്തകരുടെ തലകുനിയുന്നതിനു ഞാന്‍ കാരണമാവില്ല. പ്രിയ പിതാവിന്റെ വഴി പിന്തുടര്‍ന്നാണ് ഞാന്‍ എം.എസ്.എഫില്‍ എത്തിയത്. പിന്നീട് ഒരു സാധാരണ സംഘടന പ്രവര്‍ത്തകനായി തുടര്‍ന്നതിനാല്‍ എനിക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസിലാവും. നിലമ്ബൂരിന്റെ വീണ്ടെടുപ്പിനു ഞാന്‍ എപ്പോഴും മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കും എന്നു കൂടി ഉറപ്പ്.

പ്രളയകാലത്തു നിലമ്പൂരിൽ ജീവൻ നഷ്ടപ്പെട്ട 59 പേരുടെ കുടുംബങ്ങളെ വിളിച്ചു ചേർത്ത്‌ സർക്കാർ നടത്തിയ യോഗത്തിലെ എന്റെ…

Posted by Abdul Wahab.PV on Thursday, September 12, 2019

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 

LEAVE A REPLY

Please enter your comment!
Please enter your name here