കാസര്‍കോട് (www.mediavisionnews.in): കാസർകോട് ക്രിക്കറ്റ് സ്‌റ്റേഡിയം നിർമിക്കാൻ ബേള വില്ലേജിലെ മാന്യ മുണ്ടോട് സർക്കാർ ഭൂമി കൈയേറിയ സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന് രണ്ടു ദിവസത്തിനുള്ളിൽ സ്ഥലം ഒഴിപ്പിക്കൽ നോട്ടീസ് നൽകുമെന്ന് കാസർകോട് തഹസിൽദാർ എസ് എൽ അനിത പറഞ്ഞു.
ഭൂസംബന്ധമായ നിലവിലുള്ള എല്ലാ നിയമങ്ങളും ലംഘിച്ചതിന് 2009ലെ പരിഷ്‌കരിച്ച കേരള ഭൂസംരക്ഷണ നിയമമനുസരിച്ച് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നോട്ടീസ് നൽകുന്നത്. കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനുള്ള നിയമപരമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും തഹസിൽദാർ പറഞ്ഞു.
നിയമവിരുദ്ധമായി രേഖകളുണ്ടാക്കി സർക്കാരിന്റെ പൊതുസ്ഥലം കൈയേറിയാണ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം നിർമിക്കുന്നതെന്നും സ്‌റ്റേഡിയം നിർമാണം നിർത്തിവയ്‌ക്കണമെന്നുമുള്ള പരാതിയിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ അന്വേഷണം നടത്തിയിരുന്നു.
ഭൂമി വിൽപനയിലും പോക്കുവരവ് നടത്തിയതിലും നിയമാനുസൃതം പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്നും നിയമലംഘനം നടത്തി ഭൂമി കൈയേറിയതിനുപുറമേ പ്രസ്തുത ഭൂമിയിലെ നീരൊഴുക്ക് തടസപ്പെടുത്തി ഗതിമാറ്റി വിട്ടതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെയടിസ്ഥാനത്തിൽ കലക്ടറുടെ നിർദേശപ്രകാരമാണ് നിയമനടപടികളുമായി തഹസിൽദാർ മുന്നോട്ടുപോകുന്നത്. തോട് ഉൾപ്പെടെയുള്ള 1.09 ഏക്കർ സർക്കാർ സ്ഥലമാണ് സ്‌റ്റേഡിയം നിർമാണത്തിനായി കൈയേറിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സ്‌റ്റേഡിയം നിർമാണത്തിനായി ഗ്രൗണ്ടിന് നടുവിലൂടെ ഒഴുകിയിരുന്ന തോടും ഗതിമാറ്റി. തോട് കടന്നുപോകുന്ന 32 സെന്റ് ഭൂമിയാണ് മണ്ണിട്ട് നികത്തിയത്. ഭൂമി വാങ്ങുമ്പോൾ നിയമോപദേശം തേടുകയോ ഭൂമി വിൽപന നിയമങ്ങളോ പാലിച്ചില്ലെന്ന് കെസിഎ നിയോഗിച്ച അന്വേഷണകമ്മിറ്റിയും കണ്ടെത്തിയിരുന്നു.
ജില്ലയുടെ മുന്നേറ്റത്തിന് ഉതകുമെന്നതിനാലാണ് നിർമാണം നടത്തിയതെന്നും സർക്കാർ നിശ്ചയിക്കുന്ന നഷ്ടപരിഹാരം നൽകാമെന്നുമുള്ള ബാലിശവാദമാണ് കെസിഎ ഭാരവാഹികൾ കലക്ടറെ അറിയിച്ചത്. സർക്കാർ ഭൂമിയിൽ നിർമാണം നടത്തിയ ശേഷം പണമടച്ച് കൈയേറ്റത്തെ ഏതുവിധേനയും ക്രമവൽക്കരിക്കാനാണ് കെസിഎയുടെ ശ്രമം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.