ബെംഗ്‌ളൂരു (www.mediavisionnews.in) : ഹിന്ദി ഇന്ത്യയുടെ പ്രഥമ ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. കര്‍ണ്ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് കന്നട പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അതിന്റെ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന ഒരു കാര്യത്തിനും തയ്യാറല്ലെന്നും അതില്‍ വിട്ടു വീഴ്ച്ചയില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.
‘രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രാധാന്യമാണ്. എന്തിരുന്നാലും കര്‍ണ്ണാടകത്തെ സംബന്ധിച്ച് കന്നഡയാണ് പ്രധാനപ്പെട്ട ഭാഷ. കന്നഡ ഭാഷയെയും നമ്മുടെ സംസ്ഥാനത്തിന്റെ സംസ്‌ക്കാരത്തെയും പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നായിരുന്നു’ യെദ്യൂരപ്പയുടെ പ്രസ്താവന.
അമിത്ഷായുടെ പ്രസ്താവനക്കെതിരെ രാഷ്ട്രീയരംഗത്തും സാമൂഹിക രംഗത്തുമുള്ള നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.
ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ ജല്ലിക്കട്ട് പ്രക്ഷോഭത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്നായിരുന്നു നടന്‍ കമല്‍ഹാസന്റെ പ്രതികരണം.
ഒരു രാജ്യം, ഒരു ഭാഷ എന്ന നിര്‍ദേശം തികച്ചും ഏകാധിപത്യപരമാണെന്ന് എം.ടി വാസുദേവന്‍ നായര്‍ വ്യക്തമാക്കി.
ഹിന്ദി ഇന്ത്യയുടെ പ്രാഥമിക ഭാഷയാക്കണമെന്നും ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നുമായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.