ശ്രീനഗര്‍ (www.mediavisionnews.in) : കശ്മീരില്‍ കര്‍ഫ്യൂ തുടരുകയും ടെലഫോണ്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ വീട്ടുകാരുമായി ബന്ധപ്പെടാനോ കോളജ്, ഹോസ്റ്റല്‍ ഫീസുകള്‍ അടക്കാനോ കഴിയാത്ത അവസ്ഥയിലാണ് ദല്‍ഹിയില്‍ പഠനത്തിനായി എത്തിയ കശ്മീരി വിദ്യാര്‍ത്ഥികള്‍.
കോളജ് ഫീസും വാടകയുമായി വലിയൊരു തുക തന്നെ അടച്ചുതീര്‍ക്കാനുണ്ടെന്നും വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നുമാണ് പൂഞ്ചില്‍ നിന്നുള്ള ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഹുസൈന്‍ കലാസ് പറയുന്നത്.
” ഈ മാസത്തെ എന്റെ വീട്ടുവാടക അടച്ചിട്ടില്ല. വീട്ടുടമയോട് ആദ്യതവണ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം അവധി തന്നു. പക്ഷേ ഇപ്പോള്‍ എന്റെ സഹചര്യം മനസിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. 5000 രൂപ വീട്ടുടമസ്ഥനില്‍ നിന്നും വാങ്ങിയിട്ടുണ്ട്. കോളേജ് ഫീസ് അടക്കാനായി 12000 രൂപ സുഹൃത്തുക്കളില്‍ നിന്നായി വാങ്ങിയിട്ടുമുണ്ട്. മൂന്ന് മാസം മുന്‍പാണ് വീട്ടില്‍ നിന്നും പണം അയച്ചത്. കര്‍ഫ്യൂ പ്രഖ്യാപിച്ച ശേഷം വീട്ടുകാരുമായി ബന്ധപ്പെടാന്‍ പോലും സാധിക്കുന്നില്ല. അധിക ദിവസവും ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. ഹോസ്റ്റലിന് അടുത്ത സ്റ്റാളില്‍ നിന്നും പണം കൊടുക്കാതെ കടം പറഞ്ഞാണ് ഭക്ഷണം വാങ്ങുന്നത്’- ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയായ പൂഞ്ച് സ്വദേശിയാണ് കലാസ്.
കഴിഞ്ഞയാഴ്ച മാത്രമാണ് വീട്ടുകാരുമായി ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞത്. അതുതന്നെ വെറും സെക്കന്റുകള്‍ നീളുന്ന സംഭാഷണമായിരുന്നു. നെറ്റ് വര്‍ക്ക് മോശമായിരുന്നു. കാര്യങ്ങള്‍ പഴയപോലെയായാല്‍ എങ്ങനെയെങ്കിലും കുറച്ച് പണം എത്തിക്കാമെന്ന് അച്ഛന്‍ പറഞ്ഞു. പറഞ്ഞു തീരുന്നതിന് മുന്‍പേ ഫോണ്‍ കട്ടായി. – കലാസ് പറയുന്നു.
കോളേജിലെ ചിലര്‍ എന്നെ ഒരു തീവ്രവാദിയെപ്പോലെയാണ് നോക്കുന്നത്. കശ്മീരിനോട് വിയോജിപ്പുള്ളതിനാല്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ സുഹൃത്തുക്കളെയും എനിക്ക് നഷ്ടപ്പെട്ടു. കശ്മീരികള്‍ക്കിടയില്‍ ഞാന്‍ ഐക്യം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.- എന്നാണ് കലാസ് പറയുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ട് ആഗസ്റ്റ് അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുന്ന ദിവസമാണ് കശ്മീരില്‍ ടെലഫോണ്‍ സേവനങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തിലാക്കിക്കൊണ്ട് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കര്‍ഫ്യൂ ഒരു പരിധി വരെ പിന്‍വലിച്ചുവെങ്കിലും ടെലഫോണ്‍ സേവനങ്ങള്‍ ഇപ്പോഴും പുനസ്ഥാപിച്ചിട്ടില്ല.
സംസ്ഥാനത്തെ ലാന്‍ഡ് ലൈന്‍ സേവനങ്ങളും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും പുനസ്ഥാപിച്ചെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പലയിടങ്ങളിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്നാണ് വിവരം.
ദല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിങ്ങിനായി വന്ന ഇര്‍ഫാന്‍ അലിയുടെ കഥയും സമാനമാണ്. മാഗസിന്‍ വാങ്ങാനും മറ്റ് റീഡിങ് മെറ്റീരിയലുകള്‍ക്കുമായി 2000 രൂപയിലധികം ചിലവുവരുമെന്നാണ് ഇദ്ദേഹം പറുന്നത്. വീട്ടുകാര്‍ക്ക് പണം അയച്ചുതരാന്‍ സാധിക്കില്ല. ഖത്തറില്‍ ജോലി ചെയ്യുന്ന അനുജനാണ് ഇപ്പോള്‍ പണം അയച്ചു തരുന്നത്.
ബാങ്കുകളും ഗവണ്‍മെന്റ് സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ശ്രീനഗറിലെ മിക്ക ബാങ്കുകളും പ്രവര്‍ത്തനരഹിതമാണെന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നതെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹിന്ദി ബിരുദപഠനത്തിനായി കശ്മീരില്‍ നിന്നും ദല്‍ഹിയിലെത്തിയ 17 കാരനായ അയാസ് ഉള്‍ ഹഖും വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ ബുദ്ധിമുട്ടിലാണ്.
ഈസ്റ്റ് ദല്‍ഹിയിലെ ലക്ഷ്മി നഗര്‍ അപ്പാര്‍മെന്റില്‍ 10000 രൂപ വാടക നല്‍കിയാണ് ഞങ്ങള്‍ അഞ്ച് പേര്‍ താമസിക്കുന്നത്. എല്ലാവരും കശ്മീരികളാണ്. വാടക നല്‍കാന്‍ പണമില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. – ഇവര്‍ പറയുന്നു.
ഭക്ഷണം കഴിക്കാനോ കോഴ്‌സ് ഫീ അടയ്ക്കാനോ പുസ്തകം വാങ്ങാനോ കൈയില്‍ പണമില്ലെന്നാണ് 20 കാരിയായ ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി സൈറ പറയുന്നത്. കശ്മീരിലെ ആനന്ദ്‌നഗിലുള്ള എന്റെ വീട്ടില്‍ ലാന്‍ഡ് ഫോണുണ്ട്. വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ട്. പക്ഷേ ഞങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഒന്നും സംസാരിക്കാനില്ല. അവരോട് എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. ഇതെല്ലാം സാധാരണമാണെന്ന് പറഞ്ഞ് സമാധാനിക്കാന്‍ അവരും ഞാനും ശ്രമിക്കുന്നുണ്ട്. ദല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തിരുന്നു എന്ന കാര്യം വീട്ടുകാരെ അറിയിച്ചിട്ടില്ല. അവര്‍ ഭയപ്പെടേണ്ടെന്ന് കരുതിയാണ് അത്.
സൈന്യം പിടിച്ചുകൊണ്ടുപോകുമെന്ന് ഭയന്ന് കശ്മീരില്‍ നിന്നും ദല്‍ഹിയിലേക്ക് കുട്ടികളെ പറഞ്ഞുവിട്ട രക്ഷിതാക്കളും ഉണ്ട്. വീടുകളില്‍ കഴിയുന്നതില്‍ സുരക്ഷിതത്വമില്ലെന്ന് തോന്നിയതുകൊണ്ടാണ് താന്‍ ദല്‍ഹിയിലേക്ക് തിരിച്ചുപോന്നതെന്ന് 20 കാരിയായ സൈറ ഭട്ട് പറയുന്നു.
കശ്മീരിലെ ഷോപ്പിയാനിലാണ് വീട്. ആഗസ്റ്റ് 29 നാണ് ദല്‍ഹിയിലേക്ക് തിരിച്ചുപോന്നത്. ഷോപ്പിയാനില്‍ നിന്നും നിരവധി കുട്ടികളെ സൈന്യം പിടിച്ചുകൊണ്ടുപോയിരുന്നു. രാത്രികാലങ്ങളില്‍ വീടിന്റെ വാതിലില്‍ വന്ന് മുട്ടിയാണ് കുട്ടികളെയടക്കം പിടിച്ചുകൊണ്ട് പോയത്. വാതില്‍ തുറക്കാന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ വാതില്‍ തകര്‍ന്ന് അകത്തുകടക്കുകയാണ് ചെയ്യുന്നത്. എനിക്കൊപ്പം 12 ഉം 16 ഉം വയസുള്ള അനുജന്‍മാരും ദല്‍ഹിയിലേക്ക് വന്നിട്ടുണ്ട്. അച്ഛനേയും അമ്മയേയും കാണാതെ അവര്‍ എല്ലാ ദിവസവും കരയുകയാണ്. പക്ഷേ അവിടേക്ക് അവരെ തിരിച്ചയ്ക്കരുതെന്നാണ് അച്ഛനും അമ്മയും പറയുന്നത്.- സൈറ പറയുന്നു.
രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ ‘സ്റ്റുഡന്റ്‌സ് വിത്ത് കശ്മീരി സ്റ്റുഡന്റ്‌സ്’ എന്ന പേരില്‍ ഒരു സംരംഭം ആരംഭിച്ചിരുന്നു. കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിയമപരവും സാമ്പത്തികവുമായ സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സംരംഭം. ഓഗസ്റ്റ് 25 വരെ ആറ് ലക്ഷം രൂപയില്‍ കൂടുതല്‍ ഫണ്ട് സ്വരൂപിക്കുകയും 61 കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് തുക ലഭ്യമാക്കുകയും ചെയ്തിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.