കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരത്ത് തന്നെ സ്ഥാനാര്‍ഥിയാക്കിയതിനു പിന്നില്‍ ഭാഷാപാണ്ഡിത്യമാണെന്നും അത് പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നും ബി.ജെ.പി സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍. പാര്‍ട്ടിയിലുണ്ടായ തര്‍ക്കം കീഴ്ഘടകങ്ങളിലെ അഭിപ്രായ പ്രകടനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
‘ഓരോ നേതാക്കളും സ്ഥാനാര്‍ഥിയാകണമെന്ന് ആഗ്രഹിക്കുന്ന അണികളുണ്ടാവും. ആദ്യ ഘട്ടത്തിലുണ്ടായ ഒരു വികാരം ചില അണികള്‍ പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഒന്നിച്ചു പ്രവര്‍ത്തിക്കും. അതാണ് ബി.ജെ.പിയുടെ സംസ്‌കാരം.
പ്രവര്‍ത്തകരില്‍ വന്ന ചെറിയ ചെറിയ വികാരങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ശരിയാകും. അതൃപ്തികള്‍ നേതാക്കളെ അറിയിക്കുന്നതു സ്വാഭാവികമാണ്.
ഒരു കന്നഡ സ്ഥാനാര്‍ഥി വേണമെന്ന് മഞ്ചേശ്വരത്തെ ജനങ്ങള്‍ ഒരുപാട് കാലമായി ആവശ്യപ്പെടുന്നുണ്ട്. കന്നഡ, തുളു, മലയാളം എന്നീ ഭാഷകളില്‍ സ്വാധീനമുള്ള എന്നെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത് അതുകൊണ്ടാണ്. അത് പാര്‍ട്ടിക്കു ഗുണം ചെയ്യും.’- അദ്ദേഹം പറഞ്ഞതായി മാതൃഭൂമി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ഥാനാര്‍ഥിയെച്ചൊല്ലി കാസര്‍കോട് ബി.ജെ.പിയില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. പഞ്ചായത്ത് കണ്‍വെന്‍ഷനിലുണ്ടായ സംഘര്‍ഷത്തിനിടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എല്‍. ഗണേഷിനെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയുണ്ടായി.
കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ ആണ് സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനെതിരെ രംഗത്തുവന്നത്. നിക്ഷ്പക്ഷ വോട്ടുകള്‍ അകലുമെന്നാണ് ഒരു വിഭാഗം പറയുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്നും കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ അറിയിച്ചു.
അടുത്തിടെ മാത്രം പാര്‍ട്ടിയിലേക്ക് വന്ന ആളാണ് രവീശതന്ത്രി കുണ്ടാര്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തില്‍ ബി.ജെ.പിയുടെ വോട്ട് കുറയാനുള്ള കാരണം രവീശ തന്ത്രിയാണ്. അത്തരമൊരു സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ തങ്ങളുടെ രാഷ്ട്രീയത്തെയാണ് തകര്‍ക്കുന്നത് പ്രതിഷേധക്കാര്‍ പറയുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.