ഡല്‍ഹി (www.mediavisionnews.in) :ഉള്ളിക്ക് പിന്നാലെ തക്കാളി വിലയും കുതിച്ച് കയറുന്നു. ലഭ്യതക്കുറവ് ഏറിയതോടെയാണ് രാജ്യമെമ്പാടും തക്കാളി വിലയിലും വര്‍ദ്ധന. ഡല്‍ഹിയില്‍ മാത്രം കഴിഞ്ഞ ഏതാനും ആഴ്ചകളായി തക്കാളി വിലയിലുണ്ടായത് 70 ശതമാനം വര്‍ദ്ധനയാണ്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ വടക്കന്‍ മേഖലകളിലുണ്ടായ കനത്തമഴയാണ് തക്കാളി ലഭ്യത കുറയ്ക്കാന്‍ കാരണമായത്.
കഴിഞ്ഞ വര്‍ഷം ഈ സമയത്തെ ഉള്ളിവിലയുടെ ഇരട്ടിയാണ് നിലവിലെ ഉള്ളിവില ഇപ്പോഴുള്ളത്. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും 40 മുതല്‍ 60 വരെ രൂപയിലാണ് തക്കാളി വില്‍പന നടക്കുന്നത്. മുപ്പത് രൂപയുണ്ടായിരുന്ന തക്കാളി വിലയാണ് കുത്തനെ കൂടി 60 രൂപയിലെത്തിയത്. കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് ചണ്ഡീഗഢില്‍ കിലോക്ക് 52 രൂപയാണ് തക്കാളിയുടെ വില.
ഡല്‍ഹിയിലെ ആസാദ്പൂരിലെ മണ്ടി മാര്‍ക്കറ്റില്‍ എണ്ണൂറ് രൂപയ്ക്ക് മുകളിലാണ് ഗ്രേഡ് ഒന്ന് തക്കാളിയുടെ മൊത്ത വ്യാപാരവില. മണ്ടി മാര്‍ക്കറ്റില്‍ മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തുന്ന തക്കാളി മൂന്നിലൊന്നായി ചുരുങ്ങിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് അവശ്യ വസ്തുക്കളുടെ വില വര്‍ദ്ധനയ്ക്ക് ഇടയില്‍ തക്കാളി വില കൂടുമെന്ന് കരുതിയിരുന്നില്ലെന്ന് തക്കാളി വ്യാപാരി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മിന്റോ ചൗഹാന്‍ പ്രതികരിച്ചു.
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ തക്കാളി ചെടികള്‍ നശിക്കുകയാണെന്നാണ് കര്‍ഷകര്‍ വിശദമാക്കുന്നത്. വരുംദിവസങ്ങളില്‍ ഇത് ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ട്. ഉത്സവ സീസണുകള്‍ അടുത്തതോടെ അവശ്യസാധനങ്ങളുടെ വിലയിലുണ്ടാവുന്ന വര്‍ദ്ധന ആളുകളെ വലച്ച് തുടങ്ങിയിട്ടുണ്ട്.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിനെക്കാള്‍ വിലയാണ് ഒരു കിലോ ഉള്ളിക്കുള്ളത്. 74 രൂപയാണ് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില. എന്നാല്‍ ഉള്ളിവില കിലോയ്ക്ക് 75 -80 രൂപയാണ്. മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഉള്ളി വില ഉയരുന്നത് സംസ്ഥാന -കേന്ദ്ര സര്‍ക്കാരുകളുടെയും നെഞ്ചിടിപ്പ് കൂട്ടുകയാണ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.