ഉപ്പളയില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം;ആയുധങ്ങളുമായി യുവാവ് അറസ്റ്റിൽ

0
220

ഉപ്പള (www.mediavisionnews.in) :  ഉപ്പളയില്‍ ഒരു ഇടവേളക്ക് ശേഷം ഗുണ്ടാ സംഘങ്ങള്‍ വീണ്ടും തലപൊക്കിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഒരു സംഘത്തെ അക്രമിക്കാനായി ആയുധങ്ങളുമായി എത്തിയ സംഘത്തെ എതിര്‍ സംഘം തടഞ്ഞ് കാര്‍ തല്ലിത്തകര്‍ത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.

കാറിനകത്ത് മൂര്‍ച്ഛയേറിയ കത്തിയും വടിവാളും കണ്ടെത്തി. കാര്‍ കസ്റ്റഡിയില്‍ എടുത്തു. ഉപ്പള ഹിദായത്ത് നഗറിലെ ബദ്‌റുദ്ദീന്‍(31) ആണ് അറസ്റ്റിലായത്. ബദ്‌റുദ്ദീന്റെ കൂട്ടാളികളായ രണ്ട് പേരെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. ബദ്‌റുദ്ദീന്റെ കാര്‍ തകര്‍ത്തതിന് മണിമുണ്ടയിലെ സുഹൈല്‍, റഹീസ് എന്നിവരടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രി 8മണിയോടെ ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വെച്ചാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ പത്വാടി റോഡില്‍ വെച്ച് വാക്ക് തര്‍ക്കവും കയ്യേറ്റ ശ്രമവും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാത്രി സംഘര്‍ഷമുണ്ടായത്. ആയുധങ്ങളുമായി ഒരു സംഘം കാറില്‍ മണിമുണ്ടയിലേക്ക് പോകുമ്പോള്‍ സംഭവം മണത്തറിഞ്ഞ മണിമുണ്ടയിലെ ഗുണ്ടാ സംഘം റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വെച്ച് കാര്‍ തടയുകയായിരുന്നു.

ആളുകള്‍ നോക്കി നില്‍ക്കെ വടിവാള്‍ കൊണ്ടും മറ്റും കാറിന്റെ ഗ്ലാസുകള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഘര്‍ഷം കണ്ട പലരും ചിതറിയോടി. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതികളുടേത് എന്ന് സംശയിക്കുന്ന അഞ്ച് വീടുകളില്‍ മഞ്ചേശ്വരം എസ്.ഐ. അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു. പൊലീസിന്റെ കര്‍ശന നടപടിയെ തുടര്‍ന്ന് ഒന്നരമാസത്തോളമായി ഗുണ്ടാ സംഘങ്ങള്‍ ഉള്‍വലിഞ്ഞിരുന്നു. ഗുണ്ടാസംഘങ്ങളെ അടിച്ചമര്‍ത്താന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here