ആര്‍.എസ്.എസിനെ മാതൃകയാക്കി കോണ്‍ഗ്രസ്; സംഘടനാ സംവിധാനത്തില്‍ അടിമുടി മാറ്റം വരുന്നു

0
204

ന്യൂദല്‍ഹി: (www.mediavisionnews.in) കോണ്‍ഗ്രസ് സംഘടനാ സംവിധാനം അടിമുടി മാറ്റുന്നു. ആര്‍.എസ്.എസ് മാതൃകയിലുള്ള സംഘടനാ സംവിധാനത്തിലേക്കാണ് കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കുക.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയും തുടര്‍ന്നുണ്ടായ സംഘടനാ പ്രശ്‌നങ്ങളുമാണ് ഇതിലേക്കെത്താന്‍ കാരണം. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വിലയിരുത്തല്‍.

ഈ മാസം മൂന്നിനു ദല്‍ഹിയില്‍ ചേര്‍ന്ന ഒരു വര്‍ക്ക്‌ഷോപ്പിലായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമായത്. അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയാണ് ഈ ആശയം മുന്നോട്ടുവെച്ചത്. എല്ലാവരും ഈ ആശയത്തെ പിന്തുണയ്ക്കുകയായിരുന്നു.

പാര്‍ട്ടിയുടെ ആശയവും ചരിത്രവും പ്രവര്‍ത്തകരെ കൃത്യമായി ബോധ്യപ്പെടുത്താന്‍ ഇതുവഴി കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

പുതിയ സംവിധാനപ്രകാരം ഒരു സംസ്ഥാനത്തെ നാലുമുതല്‍ അഞ്ചു ജില്ലകളടങ്ങിയ ഒരു ഡിവിഷന്റെ ചുമതല മൂന്നു പ്രേരകുമാര്‍ക്കായിരിക്കും. അവരാണ് പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കുക.

അഞ്ചുമുതല്‍ ഏഴു ദിവസം വരെ പ്രേരകുമാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യും. പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷം മാത്രമേ പ്രേരകുമാരെ തെരഞ്ഞെടുക്കുകയുള്ളൂ.

ഒരിക്കല്‍ പരിശീലനം ലഭിച്ചുകഴിഞ്ഞാല്‍പ്പിന്നെ പ്രേരകുമാര്‍ എല്ലാ ജില്ലാ പാര്‍ട്ടി ഓഫീസുകളിലും ചെന്ന് സംഘാടന്‍ സംവാദ് നടത്തണം. ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണിത്.

സെപ്റ്റംബര്‍ അവസാനത്തോടുകൂടി പ്രേരകുമാരുടെ പട്ടിക തരാന്‍ എ.ഐ.സി.സി സംസ്ഥാന നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here