കിംഗ്‌സ്റ്റണ്‍: (www.mediavisionnews.in) ബാറ്റു കൊണ്ട് വാലറ്റത്ത് മുഹമ്മദ് ഷമിയില്‍ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ടെസ്റ്റില്‍ അവസാന ആറ് ഇന്നിംഗ്‌സില്‍ ഷമി നേടിയ സ്‌കോര്‍ ഏവരിലും ആശ്ചര്യമുണ്ടാക്കുന്നതാണ്. തുടര്‍ച്ചയായ ആറാം ഇന്നിംഗ്‌സിലും അക്കൗണ്ട് തുറക്കാന്‍ ഷമിക്കായില്ല. ഇതില്‍ രണ്ട് ഇന്നിംഗ്‌സ് വിന്‍ഡീസിനെതിരെയും നാലെണ്ണം ഓസീസിനെതിരെയുമാണ്.
സബീന പാര്‍ക്കില്‍ 10-ാമനായി ഇറങ്ങിയ ഷമി റഖീം കോണ്‍വാളിന്‍റെ പന്തില്‍ ഹാമില്‍ട്ടണിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ടെസ്റ്റ് കരിയറിലാകെ 58 ഇന്നിംഗ്‌സില്‍ നിന്ന് 433 റണ്‍സാണ് ഷമിയുടെ സമ്പാദ്യം. എന്നാല്‍ ഇന്ത്യയുടെ വിശ്വസ്‌ത പേസര്‍മാരിലൊരാളായ ഷമി 42 ടെസ്റ്റില്‍ 149 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്.
ഹനുമ വിഹാരി കന്നി സെഞ്ചുറി കൊണ്ടും(111) അര്‍ധ ശതകവുമായി ഇശാന്ത് ശര്‍മ്മയും(57) തിളങ്ങിയപ്പോള്‍ കിംഗ്‌സ്റ്റണില്‍ വാലറ്റത്ത് ഷമിയെ കൂടുതലായി ആശ്രയിക്കേണ്ടിവന്നില്ല ഇന്ത്യന്‍ ടീമിന്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 416 റണ്‍സെന്ന മികച്ച സ്‌കോറിലെത്തി. വിരാട് കോലി 76ഉം മായങ്ക് അഗര്‍വാള്‍ 55ഉം റണ്‍സ് നേടി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നിരയില്‍ ഏറ്റവും തിളങ്ങിയത്. മത്സരത്തില്‍ ഇന്ത്യ ശക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ട്.
ഹാട്രിക്ക് അടക്കം ആറ് വിക്കറ്റ് വീഴ്‌ത്തിയ ബുമ്രയ്‌ക്ക് മുന്നില്‍ കാലിടറിയ വിന്‍ഡീസ് രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 87 റണ്‍സ് എന്ന നിലയിലാണ്. ഹാമില്‍ട്ടണും(2) കോണ്‍വാളുമാണ്(4) ക്രീസില്‍. വിൻഡീസ് ഫോളോ ഓൺ ഭീഷണിയിലാണ്. 34 റണ്‍സ് നേടിയ ഹെറ്റ്‌മെയറാണ് ടോപ് സ്‌കോറര്‍. നാല് ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് രണ്ടക്കം കാണാനായില്ല. 9.1 ഓവറില്‍ 16 റണ്‍സ് വഴങ്ങി ബുമ്ര ആറ് വിക്കറ്റ് കൊയ്‌തപ്പോള്‍ ഷമിക്കാണ് ഒരു വിക്കറ്റ്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.