സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
256

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 14) അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരില്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും.

കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ/ഐസിഎസ്ഇ സ്കൂളുകൾ എന്നിങ്ങനെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളത്തെ അവധി ബാധകമാണ്. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും. വയനാട്ടിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മഴയ്ക്ക് ശമനമുണ്ടെങ്കിലും വെള്ളക്കെട്ട് പൂർണ്ണമായും ഒഴിഞ്ഞിട്ടില്ലാത്തുകൊണ്ട് ദുരന്തസാധ്യത ഒഴിവാക്കുന്നതിനായാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത് കൂടി കണക്കിലെടുത്താണ് അവധി. നാളെ നടത്തിയിരുന്ന പിഎസ്‍സി വകുപ്പ് തല പരീക്ഷകൾ മാറ്റിയിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുകയാണ്. രണ്ട് ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് ആയിരിക്കും. ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്ത് ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം നാളെ വടക്കൻജില്ലകളിൽ മഴയുടെ ശക്തി കൂടും. വെളളിയാഴ്ചയോടെ മഴ ദുർബലമാകും. അടുത്ത മൂന്ന് ദിവസത്തക്ക് കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

മഴ ശക്തമായെങ്കിലും സംസ്ഥാനത്ത് ഡാമുകളുടെ ജലനിരപ്പ് ആശങ്കപ്പെടുത്തുന്ന നിലയിലല്ല. മുൻകരുതലെന്നോണം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ ഒരിഞ്ച് വീതം തുറന്നു. 18 ഡാമുകളുടെ ഷട്ടറുകളാണ് നിലവിൽ തുറന്നിരിക്കുന്നത്. ജാഗ്രതാനിർദ്ദേശത്തിന്റെ ഭാഗമായി മണ്ണിടിച്ചിൽ ഭീഷണിയുളള മേഖലകളിൽ നിന്നും കൂടുതൽ പേരെ ക്യാംപുകളിലേക്ക് മാറ്റും. സംസ്ഥാനത്ത് രണ്ട് ലക്ഷത്തി അൻപത്തി അയ്യായിരം പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്. സംസ്ഥാനത്ത് 838 വീടുകൾ പൂർണമായും 8718 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ദുരിതബാധിതർക്കുളള ധനസഹായം നാളെ മന്ത്രിസഭായോഗത്തിൽ പ്രഖ്യാപിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here