വണ്ടി വാങ്ങാനാളില്ല, 18 മാസത്തിനിടെ പൂട്ടിയത് 286 ഷോറൂമുകള്‍!

0
536

മുംബൈ (www.mediavisionnews.in): രാജ്യത്തെ വാഹനവിപണി വന്‍തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. കഴിഞ്ഞ 18 മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലെ 286 ഡീലർഷിപ്പുകളാണ് അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് മെയ് – ജൂലൈ കാലയളവില്‍ മാത്രം രണ്ട് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്‍ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെഡറേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ ഡീലേഴ്‍സ് അസോസിഷനാണ് (ഫാഡ ) ഇക്കാര്യം വ്യക്തമാക്കിയത്. 

വാഹനം വാങ്ങാനെത്തുന്നവരുടെ കുറവ്, സാമ്പത്തിക പ്രതിസന്ധികള്‍, ബിഎസ് 6ലേക്കുള്ള മാറ്റം മൂലം നിര്‍മ്മാതാക്കള്‍ക്കുണ്ടായ അധികച്ചെലവ് തുടങ്ങിയ കാരണങ്ങളാണ് ഷോറൂമുകള്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചത്. വാഹന വിപണിയിൽ കടുത്ത മാന്ദ്യമാണെന്ന്‌ ഫെഡറേഷൻ ഓഫ്‌ ഓട്ടോമൊബൈൽ ഡീലേഴ്‌സ്‌ അസോസിയേഷൻ വ്യക്തമാക്കി. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കൂടുതൽപേർക്ക്‌ തൊഴിൽ ഇല്ലാതാകുമെന്നും ഫാഡ പറയുന്നു.

രാജ്യത്തെ 15,000 ഡീലമാർക്കുകീഴിൽ 26,000 ചെറുകിട വിൽപ്പനശാലകളിലായി 25 ലക്ഷം പേർ നേരിട്ട്‌ ജോലിയെടുക്കുന്നുണ്ട്‌. ഇത്രയും പേർക്ക്‌ പരോക്ഷമായും ഈ മേഖല തൊഴിൽ നൽകുന്നുണ്ട്‌. ഏജൻസികൾക്ക്‌ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഈ വർഷം ശതമാനം വിൽപന കുറഞ്ഞു. രാജ്യത്തെ വാഹന ഉപകരണനിർമാണമേഖലയിൽ 10 ലക്ഷത്തോളം കരാർ തൊഴിലാളികൾക്കാണ്‌ 11 മാസത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടത്‌. രാജ്യത്തെ വാഹന ഉപകരണനിർമാണ കമ്പനികള്‍ക്ക് വന്‍തിരിച്ചടിയാണ് നേരിടുന്നതെന്ന് വാഹന ഉപകരണനിര്‍മാതാക്കളുടെ ദേശീയ സംഘടനയായ എസിഎംഎയും വ്യക്തമാക്കുന്നു. ആവശ്യക്കാര്‍ കുറഞ്ഞതോടെ അശോക് ലെയ്‍ലാന്‍ഡിന്‍റെ ഉത്തരാഖണ്ഡ് പന്ത് നഗര്‍ പ്ലാന്‍റ് ജൂലൈയില്‍ ഒമ്പത് ദിവസം അടച്ചിട്ടിരുന്നു. വര്‍ഷം 1.5 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഈ പ്ലാന്‍റ് ജൂണിലും ഒരാഴ്‍ച അടച്ചിട്ടിരുന്നു. 

അതേസമയം  ജൂലൈ മാസത്തിലും രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ (പിവി) വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്‍തത്. 30.98 ശതമാനം ഇടിവ്. 2018 ജൂലൈ മാസത്തില്‍ കാറുകള്‍ അടക്കമുളള പാസഞ്ചര്‍ വാഹനങ്ങളില്‍ 2,90,931 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 2,00,790 യൂണിറ്റുകള്‍ മാത്രമായിരുന്നു. കാറുകളുടെ വില്‍പ്പനയില്‍ 35.95 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. 

2018 ജൂലൈ മാസത്തില്‍ 1,91,979 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 1,22, 956 യൂണിറ്റുകളായിരുന്നു. വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സാണ് (എസ്ഐഎഎം) ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഇരുചക്ര വാഹന വില്‍പ്പനയിലും വലിയ ഇടിവ് നേരിട്ടു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 11,51,324 യൂണിറ്റ് മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പന നടന്നെങ്കില്‍ ഈ വര്‍ഷം അത് 9,33,996 യൂണിറ്റുകളാണ്. വില്‍പ്പനയിലുണ്ടായ ഇടിവ് 18.88 ശതമാനമാണ്. 

ഇരുചക്ര വാഹന വിപണി മുഴുവനായി ഉണ്ടായ ആകെ ഇടിവ് 16.82 ശതമാനമാണ്. മുന്‍ വര്‍ഷം ജൂലൈയില്‍ 18,17,406 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 15,11,692 മാത്രമായിരുന്നു. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായ ഇടിവ് 25.71 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ 76,545 യൂണിറ്റുകള്‍ വിറ്റഴിഞ്ഞ സ്ഥാനത്ത് 56,866 യൂണിറ്റുകളാണ് ഈ വര്‍ഷം വില്‍പ്പന നടന്നത്. 

ആകെ വാഹനങ്ങളുടെ രജിസ്ട്രേഷനിലും വന്‍ ഇടിവുണ്ടായി. മുന്‍ വര്‍ഷത്തെക്കാള്‍ 18.71 ശതമാനത്തിന്‍റെ ഇടിവാണ് ഈ വര്‍ഷം രജിസ്ട്രേഷനിലുണ്ടായത്. മുന്‍ വര്‍ഷത്തെ വാഹന രജിസ്ട്രേഷന്‍ 22,45,223 യൂണിറ്റ് ആയിരുന്നെങ്കില്‍ ഈ വര്‍ഷം ജൂലൈയില്‍ അത് 18,25,148 യൂണിറ്റായിരുന്നു.  

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here