തിരുവനന്തപുരം: മഞ്ചേശ്വരം ഉൾപ്പെടെ സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കാന്‍ സാധ്യത. സെപ്റ്റംബര്‍ പകുതിക്കുശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങുമെന്നാണു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസില്‍നിന്നു ലഭിക്കുന്ന വിവരം. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, പാലാ, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.
വട്ടിയൂര്‍ക്കാവും, കോന്നിയും എറണാകുളവും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്. ആരൂര്‍ സിപിഎമ്മിന്റെയും പാലാ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെയും സിറ്റിങ് സീറ്റാണ്. മഞ്ചേശ്വരം മുസ്‌ലിം ലീഗിന്റെ സീറ്റും.
മത്സരം കടുത്തതാകുമെന്ന വിലയിരുത്തലിലാണ് സിറ്റിങ് എംഎല്‍മാരെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച 9 എംഎല്‍എമാരില്‍ 4പേരാണ് വിജയിച്ചത്. അരൂര്‍ എംഎല്‍എ ആരിഫ് ആലപ്പുഴ മണ്ഡലത്തിലും, എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ എറണാകുളത്തും, കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും, വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ.മുരളീധരന്‍ വടകരയിലുമാണ് വിജയിച്ചത്. പി.ബി.അബ്ദുള്‍ റസാഖിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലും, കെ.എം.മാണിയുടെ മരണത്തെത്തുടര്‍ന്ന് പാലായിലും ഉപതിരഞ്ഞെടുപ്പ് നടക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതല്‍ എംഎല്‍എമാരെ മത്സരിപ്പിച്ചത് എല്‍ഡിഎഫാണ്. 6 പേര്‍. ഇവരില്‍ ആരിഫ് ഒഴികെയുള്ളവര്‍ പരാജയപ്പെട്ടു. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയിലും, നെടുമങ്ങാട് എംഎല്‍എ സി.ദിവാകരന്‍ തിരുവനന്തപുരത്തും, ആറന്‍മുള എംഎല്‍എ വീണാജോര്‍ജ് പത്തനംതിട്ടയിലും, അരൂര്‍ എംഎല്‍എ ആരിഫ് ആലപ്പുഴയിലും, നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ പൊന്നാനിയിലും, കോഴിക്കോട് നോര്‍ത്ത് എംഎല്‍എ പ്രദീപ് കുമാര്‍ കോഴിക്കോട് മണ്ഡലത്തിലും മത്സരിച്ചു.
മൂന്ന് എംഎല്‍എമാരെയാണ് കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയത്. മൂന്നു പേരും വിജയിച്ചു. വടകരയില്‍ സിപിഎം സ്ഥാനാര്‍ഥി പി.ജയരാജനെതിരെ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കെ.മുരളീധരനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. എറണാകുളത്ത് സിറ്റിങ് എംപിയായിരുന്ന കെ.വി.തോമസിനു പകരമായിട്ടാണ് എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ മത്സരിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവായിരുന്നു എതിരാളി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി എ.സമ്പത്തിനെതിരെ കോന്നി എംഎല്‍എ അടൂര്‍ പ്രകാശും മത്സരിച്ചു.