കാസർകോട്: (www.mediavisionnews.in) ദേശീയപാത വികസനത്തിനുള്ള തടസം മാറിയതോടെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത കാസർകോട് ജില്ലയിൽ റോഡ് പ്രവൃത്തി മഴ കഴിഞ്ഞാൽ തുടങ്ങാനാകും. തലപ്പാടി–- ചെങ്കള, ചെങ്കള–- നിലേശ്വരം പള്ളിക്കര മേൽപ്പാലം വരെയുള്ള രണ്ട് റീച്ചുകളിലാണ് ആദ്യം ആരംഭിക്കുക. ടെൻഡർ നടപടി വേഗത്തിൽ പൂർത്തിയാക്കാനുള്ള ഒരുക്കം ആരംഭിച്ചു.
45 മീറ്റർ വീതിയിൽ ആറു വരിയായാണ് ദേശീയപാത വികസിപ്പിക്കുക. നേരത്തെ നിശ്‌ചയിച്ച നാലുവരി ദേശീയപാതക്ക് പകരം, അതോറിറ്റിയുടെ പുതുക്കിയ പദ്ധതി പ്രകാരം ആറുവരിയാക്കുകയാണ്. ഇതിനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. സംസ്ഥാനത്ത് ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിൽ കൂടുതൽ പേർക്ക് നഷ്ടപരിഹാരം നൽകിയതും കാസർകോട് ജില്ലയിലാണ്.
സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും മൂല്യം നിർണയം പൂർത്തിയാക്കിയവർക്കുള്ള നഷ്ടപരിഹാര തുക ഏതാനും ദിവസങ്ങൾക്കകം ദേശീയപാത അതോറിറ്റി ജില്ലയ്‌ക്ക് അനുവദിക്കും. ഇതിനുള്ള നടപടിക്രമം വേഗത്തിലാക്കാൻ ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കോഴിക്കോടുള്ള ദേശീയപാത മേഖലാ ഓഫീസിൽ അടുത്തദിവസം എത്തും. ഏറ്റെടുക്കുന്ന ഭൂമിക്ക് നൽകുന്ന നഷ്ടപരിഹാരം കൂടുതലായതിനാൽ, ഇതിനായുള്ള 25 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കുമെന്ന് കേന്ദ്ര സർക്കാരിനെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതോടെ അവശേഷിക്കുന്ന ഭൂമിയുടെ മൂല്യനിർണയവും നഷ്ടപരിഹാരം നൽകലും വേഗത്തിലാകും.
ജില്ലയിലെ മുഴുവൻ ഭൂമിയുടെയും മൂല്യനിർണയം ഒക‌്ടോബറോടെ പൂർത്തിയാകും. നഷ്ടപരിഹാരം നൽകൽ അടുത്ത വർഷം മാർച്ചോടെ പൂർത്തിയാക്കും. 60 ശതമാനം ഭൂമി ദേശീയപാത അതോറിറ്റിയുടെ ഉടമസ്ഥതയിൽ വരുന്നതോടെ പ്രവൃത്തി തുടങ്ങാനാകും. തലപ്പാടി–- ചെങ്കള റീച്ചിലെ പ്രവൃത്തിയാണ‌് ആദ്യം തുടങ്ങുക. തുടർന്ന‌് ചെങ്കള മുതൽ നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലം വരെയുള്ള റീച്ചിലെ പണിയും തുടങ്ങും. പള്ളിക്കര മേൽപ്പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ജില്ലയിൽ ദേശീയപാതക്കായി ഭൂമി ഏറ്റെടുത്ത 1663 പേർക്കായി 365.30 കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിച്ചു.
മൂല്യനിർണയം പൂർത്തിയാക്കിയ ഭൂമിയുടെ 1105 ഉടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാര തുകയായ 361.67 കോടി രൂപക്കുള്ള അപേക്ഷ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഓഫീസ് ദേശീയപാത അതോറിറ്റിക്ക‌് നൽകിയിട്ടുണ്ട‌്. ഇൗ തുക ഏതാനും ദിവസങ്ങൾക്കകം അനുവദിക്കും. കഴിഞ്ഞ വർഷം നവംബറിലാണ് ഒടുവിൽ തുക അനുവദിച്ചത്.
പിന്നീടങ്ങോട്ടുണ്ടായ തടസ്സമാണ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയും ഡൽഹിയിൽ നടത്തിയ ചർച്ചയെ തുടർന്ന് മാറിയത്. തലപ്പാടി മുതൽ കാലിക്കടവ് വരെ 87 കിലോമീറ്റർ ദൂരത്തിലാണ് 45 മീറ്റർ വീതിയിൽ ആറുവരിയായി വികസിപ്പിക്കുന്നത‌്. നീലേശ്വരം മേൽപാലം മുതൽ കാലിക്കടവ‌് വരെയുള്ള 6.917 കിലോമീറ്റർ റോഡ‌് വികസനം കണ്ണൂർ ഭാഗത്താണ‌്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.