തിരുവനന്തപുരം: (www.mediavisionnews.in) ആറ് ലഷ്‌കര്‍ ഭീകരര്‍ കടല്‍ മാര്‍ഗം തമിഴ്‌നാട്ടില്‍ എത്തിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് തമിഴ്‌നാട്ടില്‍ പോലീസിന് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നാണ് കടല്‍മാര്‍ഗം ഇവര്‍ തമിഴ്‌നാട്ടിലെത്തിയതെന്നാണ് മുന്നറിയിപ്പ്.
ഇല്യാസ് അന്‍വര്‍ എന്ന പാകിസ്താന്‍ സ്വദേശി, തൃശൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍, നാല് ശ്രീലങ്കന്‍ തമിഴരും ഉള്‍പ്പെടുന്ന സംഘമാണ് തമിഴ്‌നാട്ടിലെത്തിയതെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.
ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് വലിയ സുരക്ഷാ പരിശോധനകള്‍ തമിഴ്‌നാട്ടില്‍ തുടരുകയാണ്. കോയമ്പത്തൂരിലാണ് ഇവര്‍ എത്തിയതെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. ഇതേതുടര്‍ന്ന് തലസ്ഥാന നഗരമായ ചെന്നൈയിലടക്കം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ഹിന്ദുക്കളേപ്പോലെ വേഷവിധാനങ്ങളും മത ചിഹ്നങ്ങളും അണിഞ്ഞാണ് ഇവര്‍ തമിഴ്‌നാട്ടില്‍ എത്തിയതെന്നാണ് വിവരം. ഇതേതുടര്‍ന്ന് എല്ലാ ആരാധനാലയങ്ങളിലും പരിശോധന തുടരുകയാണ്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാനിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.
ബസ്സ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും.
തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.