സത്യപ്രതിജ്ഞ ചെയ്ത് മിനിറ്റുകള്‍ക്കകം യദിയൂരപ്പ സര്‍ക്കാറിനുള്ളില്‍ പൊട്ടിത്തെറി; ദേശീയ നേതൃത്വത്തിന് മുന്നറിയിപ്പുമായി മന്ത്രിസ്ഥാനം ലഭിക്കാത്ത എം.എല്‍.എമാര്‍

0
217

ബെംഗളുരു: (www.mediavisionnews.in) മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തോളം കഴിഞ്ഞാണ് കര്‍ണാടകയിലെ ബി.എസ് യദിയൂരപ്പ 17 മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭയ്ക്ക് രൂപംകൊടുത്തത്. ബി.ജെ.പി ഹൈക്കമാന്റ് നല്‍കിയ ലിസ്റ്റിലുള്ളവരെയാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. യദിയൂരപ്പയുടെ വിശ്വസ്തരായ പലരേയും പുറത്താക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

രാജ് ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്ത്രിസ്ഥാനം മോഹിച്ച 12 ഓളം പേര്‍ വിട്ടുനിന്നിരുന്നു. അവസരം നല്‍കാത്തതിലുള്ള അതൃപ്തി ചിലര്‍ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ചിത്രദുര്‍ഗയില്‍ നിന്നുള്ള മുതിര്‍ന്ന എം.എല്‍.എയായ ജി.എച്ച് തിപ്പരാഡിയാണ് ആദ്യ വെടിപൊട്ടിച്ചത്. തന്റെ സീനിയോറിറ്റിയെങ്കിലും പരിഗണിക്കാമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സമാന ചിന്താഗതിക്കാരായ എം.എല്‍.എമാര്‍ ഉടന്‍ ബംഗളുരുവില്‍ യോഗം ചേരുമെന്നും അവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിലും യദിയൂരപ്പയ്ക്കുമേലും സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

രോഷാകുലരായ അദ്ദേഹത്തിന്റെ അനുയായികള്‍ ചിത്രദുര്‍ഗയില്‍ വാഹനങ്ങളുടെ ടയര്‍ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിക്കുകയും നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടി പ്രത്യയശാസ്ത്രത്തിലും തത്വത്തിലും തനിക്കുള്ള വിശ്വാസത്തെയെങ്കിലും നേതൃത്വം പരിഗണിക്കേണ്ടിയിരുന്നുവെന്നാണ് ആറ് തവണ എം.എല്‍.എയായ ദളിത് നേതാവ് അംഗാറ മാധ്യമങ്ങളോട് പറഞ്ഞത്. എന്നിരുന്നാലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ട്ടി നേതൃത്വം തന്റെ ജില്ലയെ അവഗണിച്ചുവെന്നാണ് മറ്റൊരു എം.എല്‍.എയായ ഗൂളിഹാട്ടി ശേഖര്‍ പറഞ്ഞത്. തന്നെ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്താത്തതിന് മറ്റൊരു എം.എല്‍.എയായ രാമപ്പ ലമണിയും യദിയൂരപ്പയെ വിമര്‍ശിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here