ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍: കേസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം

0
214

തിരുവനന്തപുരം:(www.mediavisionnews.in) സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് അറസ്റ്റില്‍. ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം മ്യൂസിയത്തിന് അടുത്ത് വച്ച് ശ്രീറാം ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തിലാണ് അറസ്റ്റ്. 

അപകടത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകളും ചുമത്തുകയായിരുന്നു. 

മോട്ടോര്‍ വാഹനവകുപ്പ് നിയമപ്രകാരം എടുത്ത കേസുകളില്‍ ചുരുങ്ങിയത് മുപ്പത് ദിവസമെങ്കിലും ജയിലില്‍ കിടന്നാല്‍ മാത്രമേ ശ്രീറാമിന് ജാമ്യം കിട്ടൂ എന്നാണ് നിയമവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.

അപകടത്തിന് ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്ട്രേറ്റുമായി എത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീറാമിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും. 

അപകടസമയത്ത് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വാഹന ഉടമയും സംഭവത്തിലെ പ്രധാന സാക്ഷിയുമായ വഫ റിയാസിന്‍റെ മൊഴിയാണ് ശ്രീറാമിന് കുരുക്കായത്.

മദ്യപിച്ച് വാഹനമോടിച്ച ശ്രീറാമാണ് അപകടമുണ്ടാക്കിയതെന്ന് വഫ കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്നാണ് സൂചന. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നിന്നും വഞ്ചിയൂര്‍ കോടതിയിലെത്തിച്ച വഫ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അ‍ഞ്ചിലാണ് അഞ്ച് പേജുള്ള രഹസ്യമൊഴി വഫ നല്‍കിയത്.

സ്വകാര്യആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീറാമില്‍ നിന്നും നേരത്തെ രക്തസാംപിള്‍ പൊലീസ് ശേഖരിച്ചെങ്കിലും വിരലടയാളം എടുക്കാനായില്ല. ശ്രീറാമിന്‍റെ ഒരു കൈയ്യില്‍ ‍ഡ്രിപ്പും മറുകൈയില്‍ മുറിവും ഉണ്ടായിരുന്നതിനാലാണ് ഇത്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here