ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണ്ണര്‍ അടച്ചു; പാലത്തിന് മുകളില്‍ നിന്ന് മൃതദേഹം കെട്ടിയിറക്കി ദളിതര്‍ (വീഡിയോ)

0
301

ചെന്നൈ (www.mediavisionnews.in) :ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണ്ണര്‍ അടച്ചതിനെ തുടര്‍ന്ന് ദളിതനായ മധ്യവയസ്‌കന്റെ മൃതദേഹം പാലത്തില്‍ നിന്ന് കയര്‍ കെട്ടി താഴേക്കിറക്കി. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം.

പാലര്‍ നദിക്കരയിലെ ശ്മശാനത്തിലേക്കുള്ള വഴി സവര്‍ണ്ണര്‍ അടച്ചതിനെ തുടര്‍ന്നാണ് വാനിയമ്പാടിയിലെ ആടി ദ്രാവിഡര്‍ കോളനിയിലെ ദളിതര്‍ക്ക് മൃതദേഹം 20 അടിയോളം ഉയരമുള്ള പാലത്തില്‍ നിന്ന് കെട്ടിയിറക്കേണ്ടി വന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മഴയെ തുടര്‍ന്ന് നാരായണപുരം ആടി ദ്രാവിഡര്‍ കോളനിയിലെ ശ്മശാനം പ്രവര്‍ത്തിച്ചിരുന്നില്ല. തുടര്‍ന്ന് പാലര്‍ നദിക്കരയില്‍ സംസ്‌കരിക്കാനായി മൃതദേഹം കൊണ്ടു പോകുകയായിരുന്നു. ഈ ശ്മശാനത്തിലേക്ക് പോകുന്നതിന് ഹിന്ദു വിഭാഗത്തിലെ വെല്ലല ഗൗണ്ടര്‍- വാണിയാര്‍ വിഭാഗത്തില്‍ പെട്ടവരുടെ ഭൂമിയിലൂടെ വേണം കടന്നു പോകാനെന്നും ഇവര്‍ മൃതദേഹം ഈ വഴിയിലൂടെ കൊണ്ടു പോകുന്നത് തടയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞതായി ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗസ്റ്റ് 17 നാണ് സംഭവം നടന്നത്. റോഡപകടത്തില്‍ കൊല്ലപ്പെട്ട 55-കാരനായ കുപ്പന്റെ മൃതദേഹമാണ് ഇത്തരത്തില്‍ പാലത്തിന് മുകളില്‍ നിന്ന് കയര്‍കെട്ടിയിറക്കേണ്ടി വന്നത്. ഇതാദ്യമായല്ല മൃതദേഹം കെട്ടിയിറക്കേണ്ടിവരുന്നതെന്നാണ് കോളനിക്കാര്‍ പറയുന്നത്.

അതേസമയം ബുധനാഴ്ചയാണ് സംഭവം അറിഞ്ഞതെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തിരുപത്തൂര്‍ സബ് കളക്ടര്‍ പ്രിയങ്ക പങ്കജം പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സബ് കളക്ടര്‍ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here