മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

0
232

ന്യൂദല്‍ഹി: (www.mediavisionnews.in) മുന്‍ ധനകാര്യമന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു.

ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒമ്പതിനാണ് അദ്ദേഹത്തെ ദല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവരും ഉന്നത ബി.ജെ.പി നേതാക്കളും ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി ജെയ്റ്റ്‌ലി അസുഖബാധിതനായിരുന്നു. 2018ല്‍ അദ്ദേഹം വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 2014ല്‍ അദ്ദേഹം അമിതവണ്ണത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

1952 ഡിസംബറില്‍ ദല്‍ഹിയിലാണ് അരുണ്‍ ജെയ്റ്റ്‌ലി ജനിച്ചത്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനു മുമ്പ് അദ്ദേഹം അഭിഭാഷകനായി ജോലി ചെയ്തിരുന്നു.

1991ല്‍ ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവ് അംഗമായാണ് ജെയ്റ്റ്‌ലി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 1999ല്‍ അദ്ദേഹം പാര്‍ട്ടി വക്താവായി. 2000ത്തില്‍ ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ അംഗമായി.

2014ല്‍ ധനകാര്യ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് അദ്ദേഹം നോര്‍ത്ത് സോണിലെ ബി.സി.സി.ഐയുടെ വൈസ് പ്രസിഡന്റായിരുന്നു.

ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ഏറെ ബാധിച്ച നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയ തീരുമാനങ്ങള്‍ നടപ്പാക്കിയത് ജെയ്റ്റ്‌ലി ധനമന്ത്രിയായിരിക്കെയാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here