മുത്തലാഖ് ബില്‍ പാസാക്കിയത് ആഘോഷിച്ചതിന് യുവതിയെ മുത്തലാഖ് ചൊല്ലി വീട്ടില്‍നിന്ന് പുറത്താക്കി

0
227

ബാന്ദ: (www.mediavisionnews.in) രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പാസാക്കിയത് ആഘോഷിച്ചതിന് യുവതിയെ മുത്തലാഖ് ചൊല്ലി വീട്ടില്‍നിന്ന് പുറത്താക്കി. ഉത്തര്‍പ്രദേശിലെ ബാന്ദയിലാണ് സംഭവം.

മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കുന്നതു കണ്ട് ആഘോഷിക്കുകയായിരുന്ന ജിഗ്‌നി ഗ്രാമവാസിയായ മുഫീദ ഖാത്തൂനെയാണ് ഭര്‍ത്താവ് ശംസുദ്ദീന്‍ മുത്തലാഖ് ചൊല്ലിയത്.

ശനിയാഴ്ചയാണ് സംഭവം. ശംസുദ്ദീനെതിരെ കേസെടുത്തതായി ബിന്ദ്കി സര്‍ക്കിള്‍ ഓഫിസര്‍ അഭിഷേക് തിവാരി പറഞ്ഞു. മുഫീദയുടെ പരാതിയെ തുടര്‍ന്നാണ് ശംസുദ്ദീനെ അറസ്റ്റു ചെയ്തത്. ഒറ്റയടിക്ക് തന്നെ മുത്തലാഖ് ചെയ്യുകയായിരുന്നു എന്ന് മുഫീദയുടെ പരാതിയില്‍ പറയുന്നു.

ജൂലൈ 30നാണ് മുത്തലാഖ് ബില്‍ പാര്‍ലമന്റെ് പാസാക്കിയത്. ഇതനുസരിച്ച് ഭാര്യയെ ഒറ്റയടിക്ക് തലാഖ് ചൊല്ലുന്നയാള്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും.

മുത്തലാഖ് ബില്‍ പാസാക്കിയത് ലിംഗനീതിയുടെയും തുല്യതയുടെയും വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ‘പുരാതനവും മധ്യകാലത്തെയും ഒരു സമ്പ്രദായം ഒടുവില്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളി. പാര്‍ലമെന്റ് മുത്തലാഖ് നിര്‍ത്തലാക്കുകയും മുസ്‌ലീം സ്ത്രീകളോട് ചെയ്ത ചരിത്രപരമായ തെറ്റ് തിരുത്തുകയും ചെയ്യുന്നു.’ മോദി പറഞ്ഞിരുന്നു.

അതേസമയം, 2014 മുതല്‍ രാജ്യത്ത് മുസ്‌ലീങ്ങള്‍ നേരിടുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് മുത്തലാഖ് ബില്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പറഞ്ഞിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൊണ്ടും പൊലീസ് ഭീകരതകൊണ്ടും ന്യൂനപക്ഷങ്ങളെ തകര്‍ക്കാനാവില്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.

രാജ്യസഭയില്‍ 99 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 84 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. വോട്ടെടുപ്പിനിടെ എ.ഐ.ഡി.എം.കെ, ജെ.ഡി.യു അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. ബി.എസ്.പി, ടി.ആര്‍.എസ്, ടി.ഡി.പി പാര്‍ട്ടി അംഗങ്ങള്‍ ആരുംതന്നെ സഭയിലുണ്ടായിരുന്നില്ല.


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here