കാസര്‍കോട്:(www.mediavisionnews.in) മഞ്ചേശ്വരം കുണ്ടുകൊളക്കയിലെ ഒവര്‍ ലേഡി ഓഫ് മേഴ്സി ചര്‍ച്ചിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ഉറപ്പ്. ഡിജിപിയുടെ പരാതി പരിഹാര അദാലത്തിലാണ് പള്ളി വികാരിയുള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തി പ്രശ്നം അവതരിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ ഡിജിപിയെ അറിയിച്ചു.
കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് പള്ളിക്കുനേരെ ആക്രമണമുണ്ടായത്. പ്രദേശത്തെ മണല്‍ മാഫിയയാണ് സംഭവത്തിന് പിന്നിെലന്നാണ് സൂചനകള്‍. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാതെ വന്നതോടെയാണ് പള്ളി വികാരിയുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ പരാതിയുമായി ഡിജിപിക്ക് മുന്നിലെത്തിയത്. അന്വേഷണം വേഗത്തിലാക്കാനും സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ അറസ്റ്റു ചെയ്യാനും ലോകനാഥ് ബെഹറ നിര്‍ദ്ദേശം നല്‍കി.
മഞ്ചേശ്വരം കേന്ദ്രീകരിച്ചുള്ള മണല്‍ മാഫിയ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ സംഘങ്ങളെ നിയന്ത്രിക്കുന്നതിന് കര്‍ണാടക പൊലീസിന്റെ സഹായം തേടാനാണ് തീരുമാനം. അതിര്‍ത്തിമേഖലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു.
മേഖലയില്‍ പൊലീസ് പട്രോളിങ് ശക്തമാക്കാനും തീരുമാനമായിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മണല്‍ മാഫിയയുടെ പ്രവര്‍ത്തനം ശക്തമാണെന്നും, പൊലീസ് നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപവും പരാതിക്കാര്‍ ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മേഖലയില്‍ സമാധാനാന്തരീക്ഷം സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.