ഹൈദരാബാദ് (www.mediavisionnews.in) :തെലങ്കാനയിലെ നിസാമാബാദ് ജില്ലയുടെ പേര് ഇന്ദൂര്‍ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി. നിസാമാദില്‍ നിന്നുള്ള ബിജെപി എം.പി അരവിന്ദ് ധര്‍മപുരിയാണ് ഇക്കാര്യം ആദ്യം ഉന്നയിച്ചത്. പിന്നാലെ ഈ ആവശ്യത്തിനെ പിന്തുണച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൃഷ്ണ സാഗര്‍ റാവുവും രംഗത്തുവന്നു.
നിസാമിന്റെ ഭരണകാലത്തിന് മുമ്പ് ഈ പ്രദേശം ഇന്ദൂര്‍ എന്നാണ് അറിയപ്പെട്ടിരുന്നതെന്നാണ് കൃഷ്ണ സാഗര്‍ റാവു പറയുന്നത്. 400 വര്‍ഷത്തോളം നിസാമിന്റെ ഭരണത്തിന്‍കീഴില്‍ കഴിഞ്ഞ ഈ പ്രദേശത്തിന്റെ യഥാര്‍പേര് മാറ്റി മുസ്ലീം പേര് നല്‍കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.
ബലമായി പേര് മാറ്റിയിരിക്കുന്നതിനാല്‍ ഈ പ്രദേശത്ത് താമസിക്കുന്നവരുടെ സ്വത്വത്തിന്റെ പ്രശ്‌നം കൂടിയാണ് പഴയ പേര് തിരിച്ചുകൊണ്ടുവരുന്നതെന്നാണ് കൃഷ്ണസാഗര്‍ റാവുവിന്റെ അഭിപ്രായം.
ബിജെപി അധികാരത്തിലെത്തിയാല്‍ ഉറപ്പായും നിസാമാബാദിനെ ഇന്ദൂര്‍ എന്നാക്കി മാറ്റുമെന്ന് കൃഷ്ണ സാഗര്‍ റാവു വ്യക്തമാക്കി. നിയമങ്ങള്‍ അനുസരിച്ച് പേരുമാറ്റിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എം.പിയായ അരവിന്ദ് ധര്‍മപുരിയാണ് ഇക്കാര്യം ചര്‍ച്ചയാക്കാന്‍ തുടക്കമിട്ടത്.
നിസാമാബാദെന്നത് അശുഭകരമായ പേരാണെന്നാണ് അരവിന്ദ് ധര്‍മപുരിയുടെ വാദം. 1905ലാണ് നിസാം ഈ പ്രദേശത്തിന്റെ പേര് മാറ്റിയത്. ഇവിടെ അണക്കെട്ടും ഫാക്ടറിയും നിസാം കൊണ്ടുവന്നു. ഇപ്പോള്‍ അണക്കെട്ട് വര്‍ഷങ്ങളായി വരണ്ട് കിടക്കുകയാണ്. ഫാക്ടറി പൂട്ടിയിട്ട് കാലങ്ങളായി. നിസാമാബാദിന്റെ പേര് മാറ്റാനുള്ള സമയത്തിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ വികാരത്തിനെ മാനിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അരവിന്ദ് ധര്‍മപുരി പറയുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.