കര്‍ണാടക ബി.ജെ.പിയില്‍ ഭിന്നത തുടങ്ങി; ടൂറിസം മന്ത്രി രാജിവെച്ചേക്കും

0
192

ബംഗളൂരു: (www.mediavisionnews.in) അധികാരമേറ്റ മന്ത്രിമാര്‍ക്ക് വകുപ്പുകളും മൂന്നു ഉപമുഖ്യമന്ത്രിമാരെയും നിയമിച്ചതോട് കൂടി കര്‍ണാടക ബി.ജെ.പിയില്‍ ഭിന്നത. ടൂറിസം മന്ത്രിയായി ചുമതലയേറ്റ സി.ടി രവി രാജിവെച്ചേക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം റിപ്പോര്‍ട്ടുകളെ സി.ടി രവി തള്ളിക്കളഞ്ഞിട്ടുണ്ട്. താന്‍ വിമതനല്ലെന്നും ബി.ജെ.പിയുമായുള്ള തന്റെ ബന്ധത്തിനിടയില്‍ അധികാരവും പദവിയും വരില്ലെന്നും സി.ടി രവി പറഞ്ഞു.

മുന്‍ ബി.ജെ.പി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിമാരായിരുന്ന ആര്‍. അശോകും കെ.എസ് ഈശ്വരപ്പയും അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റവന്യൂ മന്ത്രിയായി ചുമതലയേറ്റ ആര്‍. അശോക തന്റെ ഔദ്യോഗിക വാഹനം തിരിച്ചയച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈശ്വരപ്പയ്ക്ക് ഗ്രാമീണ വികസന വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. അശ്വത്ത് നാരായണനെ ഉപമുഖ്യമന്ത്രിയാക്കിയതിലാണ് ഈ നേതാക്കള്‍ക്ക് എതിര്‍പ്പുള്ളത്.

വരും ദിവസങ്ങളില്‍ ഈശ്വരപ്പയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍ അപമാനമായി കണക്കാക്കുമെന്നും തിരിച്ചടിയുണ്ടാവുമെന്നും സംഗോളി രായണ്ണ ബ്രിഗേഡിലെ ഈശ്വരപ്പയുടെ അനുയായികള്‍ ഭീഷണിമുഴക്കിയിട്ടുണ്ട്.

ഇന്നലെ യെദ്യൂരപ്പ മൂന്ന് ഉപമുഖ്യമന്ത്രിമാരെയും 17 മന്ത്രിമാര്‍ക്കുള്ള വകുപ്പുകളും പ്രഖ്യാപിച്ചിരുന്നു. ഗോവിന്ദ് കജ്റോള്‍, അശ്വത് നാരായണ്‍, ലക്ഷ്മണ്‍ സാവദി എന്നിവരെയാണ് വിവിധ വകുപ്പുകളോടെ ഉപമുഖ്യമന്ത്രിമാരായി നിയമിച്ചത്.

ഒറ്റ ഉപമുഖ്യമന്ത്രിയെ പോലും നിര്‍ത്താന്‍ താത്പര്യമില്ലാതിരുന്ന യെദ്യൂരപ്പയെ കൊണ്ട് ഈ മൂന്നു പേരെ നിയമിച്ചത് എതിരാളിയും ഇപ്പോള്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായി ചുമതലയേറ്റ ബി.എല്‍ സന്തോഷിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here