മഞ്ചേശ്വരം: (www.mediavisionnews.in) നാടിന് മുന്നേറ്റമുണ്ടാക്കാനുള്ള വികസന ഫണ്ട് കെട്ടിക്കിടക്കുന്നു. കടലേറ്റമുൾപ്പടെയുള്ള ദുരിതം മറുഭാഗത്ത്. റോഡുകൾ തകർന്നുകിടക്കുന്നു. നേരത്തേ പ്രഖ്യാപിച്ച പദ്ധതികൾ ഫയലിനടിയിലേക്ക്. തുടങ്ങിവെച്ച പദ്ധതികൾ പാതിവഴിയിൽ. ചില നിർമാണങ്ങൾ ഒച്ചിഴയുംപോലെ. ഒൻപതുമാസമായി നാഥനില്ലാത്ത മഞ്ചേശ്വരം നിയമസഭയുടെ സങ്കടമാണിത്.
ഏറ്റവുമൊടുവിൽ പാലാ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരിക്കുന്നു. കെ.എം.മാണി അന്തരിച്ച ഒഴിവിലേക്ക് അവിടെ അടുത്തമാസം 23-ന് തിരഞ്ഞെടുപ്പ് നടക്കും. ഈവർഷം ഏപ്രിൽ ഒൻപതിനായിരുന്നു കെ.എം.മാണിയുടെ വിയോഗം. എന്നിട്ടും കഴിഞ്ഞവർഷം ഒക്ടോബർ 20-ന് മരിച്ച മഞ്ചേശ്വരം എം.എൽ.എ. പി.ബി.അബ്ദുൾറസാഖിന്റെ ഒഴിവിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നില്ല. ഹൈക്കോടതിയിലെ കേസാണ് മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തടസ്സമായത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് നേതാവുകൂടിയായ പി.ബി.അബ്ദുൾറസാഖ് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ തോൽപ്പിച്ചത് 89 വോട്ടിനാണ്. ഭൂരിപക്ഷംകിട്ടിയ 89 സംഖ്യയേക്കാൾ ആളുകൾ ഇവിടെ അബ്ദുൽറസാഖിനുവേണ്ടി കള്ളവോട്ടുചെയ്തുവെന്നാരോപിച്ച് സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് നീണ്ടുപോയി. ഇതിനിടെയാണ് അബ്ദുൾറസാഖിന്റെ വിയോഗം.
തുടർന്ന് കേസുമായി മുന്നോട്ടുപോകുന്നുണ്ടോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ആദ്യം ഉണ്ടെന്നുപറഞ്ഞ സുരേന്ദ്രൻ പിന്നീട് കേസ് പിൻവലിക്കാൻ തയ്യാറാകുകയായിരുന്നു. വോട്ടിങ് യന്ത്രങ്ങൾ ഹൈക്കോടതിയിലെത്തിച്ചതിന്റെ ചെലവ് സുരേന്ദ്രൻ ഹൈക്കോടതിയിൽ കെട്ടിവയ്ക്കുകയുംചെയ്തു. കേസ് പിൻവലിക്കുന്നതായി സുരേന്ദ്രൻ അപേക്ഷനൽകിയത് ഈവർഷം മാർച്ചിലാണ്. ഈമാസം ആറിന് കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ റിപ്പോർട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു.
ഇനി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചുകൊടുക്കണം. അതിനുശേഷമെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുള്ളൂ. സംസ്ഥാനത്ത് നടക്കാനുള്ള മറ്റു ഉപതിരഞ്ഞെടുപ്പിന്റെകൂടെമാത്രമേ മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പും ഉണ്ടാകാൻ സാധ്യതയുള്ളൂവെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു. മഞ്ചേശ്വരത്തെ ജനങ്ങൾ എം.എൽ.എ. ഇല്ലാത്തതിന്റെ പ്രയാസം ഏറ്റവുംകൂടുതൽ അനുഭവിച്ചദിവസങ്ങളാണ് ഈ കർക്കടകപ്പേമാരിക്കിടെ കടന്നുപോയത്.
കടലേറ്റത്തിൽ മുസോടി കടപ്പുറത്തെ ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. ഇവിടെ കരിങ്കൽഭിത്തികൾ തകർന്നതുൾപ്പടെയുള്ള കാര്യങ്ങൾ ബന്ധപ്പെട്ട വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും അടിയന്തര നടപടി സ്വീകരിക്കണമെന്നുപറയാൻ എം.എൽ.എ. ഇല്ലാതായിപ്പോയി. ഇത്തരത്തിൽ എണ്ണിപ്പറയാനാകാത്തത്രയും വിഷയങ്ങളിൽ മഞ്ചേശ്വരത്തിന് സങ്കടംപറയാനുണ്ട്. ഒരു പരാതിപറയാനോ അതുപരിഹരിക്കാനായി മുന്നിൽനിൽക്കാനോ നമുക്ക് എം.എൽ.എ.യെ കിട്ടുമോയെന്ന ചോദ്യമാണ് ഈനാട്ടുകാർ ഉന്നയിക്കുന്നത്.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.