ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ബി.ജെ.പിയുടെ ആദ്യപടിയെന്ന് അല്‍ജസീറ; കശ്മീരിനെ വിഭജിച്ചതില്‍ മോദിയെ വിമര്‍ശിച്ച് ലോകമാധ്യമങ്ങള്‍

0
273

ന്യൂദല്‍ഹി (www.mediavisionnews.in) :ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി സംസ്ഥാനത്തെ വിഭജിച്ച നടപടി ധീരമായതും ദീര്‍ഘവീക്ഷണത്തോടെയുമുള്ള തീരുമാനമെന്നാണ് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും വാദിക്കുന്നത്. എന്നാല്‍ മോദിയുടെ ഈ തീരുമാനത്തെ നിശിതം വിമര്‍ശിക്കുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ഇന്ന് പുറത്തിറങ്ങിയ പത്രങ്ങളിലെ കശ്മീര്‍ വിഷയത്തിന്റെ തലക്കെട്ടിലും വാര്‍ത്തയിലും ലോകമാധ്യമങ്ങള്‍ കശ്മീരില്‍ ഇന്ത്യയുടെ തെറ്റായ തീരുമാനമെന്ന് ആവര്‍ത്തിക്കുന്നു.

പാകിസ്താന്‍, യു.എസ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെ ജമ്മുകശ്മീര്‍ വിഭജനം എങ്ങനെയാവും ബാധിക്കുക എന്ന അവലോകനമാണ് ഇസ്രയേലി ദിനപ്പത്രമായ ദ ജറുസലേം പോസ്റ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയും ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

‘എന്തുകൊണ്ട് കശ്മീര്‍ വിഷയങ്ങള്‍’ എന്ന് തലക്കെട്ടിട്ട അവലോകന റിപ്പോര്‍ട്ടില്‍ ലേഖകന്‍ ഇങ്ങനെ എഴുതി ‘അമേരിക്ക അഫ്ഗാന്‍-പാക് ബന്ധത്തില്‍ നിരന്തരം ഇടപെടുകയാണ്. അതുപോലെ ഫെബ്രുവരിയില്‍ നടന്ന സംഭവംപോലെ ഒന്നാവും ഇന്ത്യ ആഗ്രഹിക്കുന്നത്. ഇസ്രയേലുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ സൈന്യത്തെ ഇന്ത്യ ആധുനീകരിച്ചുകൊണ്ടിരിക്കുകയാണ്. കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് അന്താരാഷ്ട്ര രാഷ്ട്രീയ മാനങ്ങളുണ്ട്’.

‘ഇരുണ്ട ദിനം: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഇന്ത്യ’ എന്ന തലക്കെട്ടോടെയായിരുന്നു അല്‍ജസീറയുടെ ഓണ്‍ലൈന്‍ പതിപ്പ് വാര്‍ത്തയെ സമീപിച്ചത്.

‘ഇന്ത്യയിലെ എല്ലാ കശ്മീരികളും സുരക്ഷയെക്കുറിച്ച് ഭയപ്പെടാനുള്ള കാരണം’ എന്നാണ് അല്‍ജസീറ പത്രത്തിലെ ലേഖനത്തിന്റെ തലക്കെട്ട്. കശ്മീര്‍ ജനതയെ ചതിച്ചും നിയമവിരുദ്ധവുമായാണ് ഇന്ത്യന്‍ നടപടിയെന്ന് ലേഖനത്തില്‍ പറയുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയത് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ആദ്യപടിയാണെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. സംഘര്‍ഷത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും രക്തച്ചൊരിച്ചിലിന്റെയും കാലഘട്ടത്തിനാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

‘അപകടകരമായ മണ്ടത്തരം’ എന്നാണ് സൗദി അറേബ്യയിലെ സൗദി ഗസറ്റ് നല്‍കിയ തലക്കെട്ട്. ഈ തീരുമാനത്തിലൂടെ നല്ലതൊന്നും സംഭവിക്കില്ലെന്ന് സൗദി ഗസറ്റ് ലേഖനത്തില്‍ പറയുന്നു. അസ്വസ്ഥമായ കശ്മീരിലെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കാനാണ് നടപടി സഹായിക്കുക എന്ന് ലേഖനം അഭിപ്രായപ്പെടുന്നു.

‘കശ്മീര്‍ കൃത്യം അതീവ രഹസ്യമായി ഇന്ത്യ നടപ്പിലാക്കിയതെങ്ങനെ’ എന്നാണ് ഖലീജ് ടൈംസ് തലക്കെട്ടിട്ടത്.

‘കശ്മീരിലെ അത്തിയില കൊഴിച്ച് ന്യൂദല്‍ഹി, കശ്മീരിന്റെ പ്രത്യേക പദവി കൊള്ളയടിച്ചു’ എന്നാണ് പാകിസ്താനിലെ പ്രമുഖ പത്രമായ ദ ഡൗണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘അത്തിയിലെ’ സമാധാനത്തിന്റെ ചിഹ്നമായാണ് കണക്കാക്കാറുള്ളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here