ആശങ്കയൊഴിയാതെ കർണാടക; കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം

0
230

കർണാടക (www.mediavisionnews.in): ബെംഗളൂരു മഹാനഗരം ഉൾപ്പെടെ മധ്യ, തീരദേശ, മലനാട് കർണാടകയിൽ 4.5 ദിവസത്തേക്കു കൂടി കനത്ത മഴ പെയ്യുമെന്നു കാലാവസ്ഥാ പ്രവചനം. ഇതോടെ ഈ മേഖലകളിൽ കനത്ത ജാഗ്രത തുടരുകയാണ്. തെക്കുപടിഞ്ഞാറൻ കാലവർഷവും കനത്ത മഴമേഘ രൂപീകരണവും ശക്തമായ കാറ്റും കൂടുതൽ മഴയ്ക്ക് വഴിവയ്ക്കുമെന്നാണ് പ്രവചനം. ഇതോടെ ഈ മേഖലകളിൽ കനത്ത ജാഗ്രത തുടരുകയാണ്.

തീരദേശ ജില്ലകളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, മലനാടിൽ ചുക്കമഗളുരു, ഹാസൻ, ശിവമൊഗ്ഗ, കുടക് ജില്ലകളുമാണ് വീണ്ടും മഴഭീതിയിൽ ആഴ്ന്നിരിക്കുന്നത്. വടക്കൻ കർണാടകയിൽ ബെളഗാവി, ധാർവാഡ്, ഹാവേരി ജില്ലകളിലും മഴ പെയ്തേക്കും. 1168 ദുരിതാശ്വാസ ക്യാംപുകളിലായി 327354 പേരെയാണ് നിലവിൽ പാ‍ർപ്പിച്ചിരിക്കുന്നത്. മഴ കുറഞ്ഞെങ്കിലും അണക്കെട്ടുകളിൽ നിന്നു വെള്ളം തുറന്നുവിടുന്നതിനാൽ പ്രളയസാഹചര്യത്തിന് ശമനമില്ല.

വേണം 5000 കോടി ഫണ്ട്

കർണാടകയിലെ മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനൊപ്പം 5000 കോടി രൂപയുടെ ഇടക്കാല ദുരിതാശ്വാസ ഫണ്ട് അനുവദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുൻ പ്രധാനമന്ത്രി കൂടിയായ ദേവെഗൗഡ. കഴിഞ്ഞ 6 പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഇത്രയധികം രൂക്ഷമായ ദുരന്തത്തിനു താൻ സാക്ഷ്യം വഹിച്ചിട്ടില്ലെന്നും മോദിക്കെഴുതിയ കത്തിൽ ദേവെഗൗഡ വ്യക്തമാക്കി. 3000 കോടി രൂപയുടെ അടിയന്തിര ദുരിതാശ്വാസമാണ് നിലവിൽ യെഡിയൂരപ്പ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് ഗൗഡയുടെ പ്രശംസ

കഴിഞ്ഞ 6 ദിവസമായി പ്രളയമേഖലയിൽ തങ്ങി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന മുഖ്യമന്ത്രി യെഡിയൂരപ്പയെ പ്രശംസിച്ച് ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡ. ജനങ്ങളുടെ പ്രശ്നങ്ങളോട് യെഡിയൂരപ്പ നന്നായി പ്രതികരിക്കുന്നുണ്ട്. മന്ത്രിസഭാ രൂപീകരണം വൈകുന്നതിന്റെ പേരിൽ അദ്ദേഹത്തിനു കുറ്റം കണ്ടെത്തുകയല്ല ഈ ഘട്ടത്തിൽ വേണ്ടതെന്നും ദേവെഗൗഡ പറഞ്ഞു.

പ്രളയക്കെടുതിയെ അതിജീവിക്കാൻ കർണാടകയിലെ പ്രബല കക്ഷികളായ ബിജെപിയും കോൺഗ്രസും ദളും ഒറ്റക്കെട്ടായി നിൽക്കുകയും നേതാക്കൾ കൈകോർത്തു പ്രവർത്തിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അണക്കെട്ടുകൾ നിറയുന്നു

മിക്ക ജില്ലകളിലും മഴ ഇന്നലെ കുറഞ്ഞെങ്കിലും അണക്കെട്ടുകളിൽ നിന്നു വെള്ളം തുറന്നുവിടുന്നതിനാൽ പ്രളയസാഹചര്യത്തിന് പലയിടങ്ങളിലും ശമനമില്ല. സൈന്യവും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും അഗ്നിശമന സേനയും ചേർന്നു രക്ഷാപ്രവർത്തനം തുടരുകയാണ്. അണക്കെട്ടുകളിലേക്കു വലിയ നിരൊഴുക്ക് അനുഭവപ്പെടുന്നതിനാൽ പ്രദേശവാസികളോടു കരുതിയിരിക്കാൻ നി‍ർദേശം നൽകിക്കഴി‍ഞ്ഞു.

ഭീമ നദിയിലെ ജലപ്രവാഹം കുറഞ്ഞതിനെ തുട‍ന്ന് കലബുറഗി, യാദ്ഗീർ ജില്ലകളിൽ െവള്ളം ഇറങ്ങിത്തുടങ്ങി.
എന്നാൽ കൃഷ്ണയും തുംഗഭദ്രയും കുത്തിയൊഴുകുന്നതിനാൽ റായിച്ചൂ‍ർ, ബെള്ളാരി, കൊപ്പാൾ ജില്ലകളിൽ ജാഗ്രത തുടരുന്നു.

കാവേരി, കപില നദികളുടെ പ്രവാഹത്തിന് ശമനമില്ലാത്തതിനാൽ മൈസൂരുവും മണ്ഡ്യയും കുടകും പ്രളയസാഹചര്യത്തെ ഇനിയും അതിജീവിച്ചിട്ടില്ല.

42 മരണം, 12 പേരെ കാണാനില്ല

പ്രളയക്കെടുതിയിൽ കഴുത്തറ്റം മുങ്ങിയ ക‍‍ർണാടകയിൽ 42 മരണം. 12 പേ‍‍‍ർക്കായി തിരച്ചിൽ തുടരുന്നു. 17 ജില്ലകളിലെ 2694 ഗ്രാമങ്ങളിൽ നിന്നായി 581897 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചത്. ഇന്നലെ പലയിടങ്ങളിലും മഴ കുറഞ്ഞെങ്കിലും, തീരദേശ, മധ്യ, മലനാട് കർണാടകയി‍ൽ അടുത്ത 4-5 ദിവസം കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തോടെ റെഡ് അലർട്ട് തുടരുന്നു.

∙ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരുവിലും ബെൽത്തങ്ങാടിയിലും സന്ദ‍ർശനം നടത്തിയ യെഡിയൂരപ്പ മഴക്കെടുതി വിലയിരുത്തി. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥിതിഗതികൾ സാധാരണ ഗതിയിലെത്തുമെന്നു പ്രതീക്ഷ പങ്കുവച്ച് മുഖ്യമന്ത്രി. ഇന്ന് ശിവമൊഗ്ഗ സന്ദ‍ർശിക്കും.

കൃഷ്ണ, തുംഗഭദ്ര, കാവേരി നദികൾ കരകവിഞ്ഞൊഴുകുന്നതിനെയും അണക്കെട്ടുകൾ തുറന്നു വിടുന്നതിനെയും തുടർന്ന് പ്രളയഭീതി വിട്ടുമാറാതെ റായിച്ചൂർ, ബെള്ളാരി, കൊപ്പാൾ, മണ്ഡ്യ, മൈസൂരു, കുടക് ജില്ലകൾ. വീടുകൾ നിലംപൊത്തുന്നതിനൊപ്പം കനത്ത കൃഷിനാശം.

കപില നദി കരകവിഞ്ഞതിനെ തുടർന്നു മൈസൂരു-നഞ്ചൻഗുഡ് പാത അടഞ്ഞുതന്നെ.

കുടകിലെ തോറയിൽ മണ്ണിടിച്ചിലിൽ കാണാതായ 8 പേർക്കായി തിരച്ചിൽ തുടരുന്നു.

ഹാസനെയും മംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന ചർമാഡി ചുരം വ്യാപകമായി ഇടിഞ്ഞതിനെ തുടർന്നു പാത തുറക്കാൻ മാസങ്ങളെടുത്തേക്കും.

കർണാടകയിലെ പ്രളയദുരിതത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡ

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here