അമ്മായിഅച്ഛൻ ബിജെപിയിലേക്ക് പോയിട്ടും ഡികെയ്ക്കൊപ്പം; സിദ്ധാർഥ കുരുങ്ങിയതിങ്ങനെയോ?; പക

0
216

ബെംഗളൂരു: (www.mediavisionnews.in)  കർണാടകയിലും പുറത്തും എക്കാലത്തും ബിജെപിയുടെ തലവേദനയാണ് ഡി.കെ ശിവകുമാർ എന്ന കോൺഗ്രസ് നേതാവ്. ഡികെയ്ക്കൊപ്പം നിന്നതാണ് കഫെ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ഥയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. ഇരുവരും തമ്മിൽ അഴത്തലുള്ള ആത്മബന്ധമുണ്ടായിരുന്നു. സിദ്ധാര്‍ഥയുടെ ഭാര്യാപിതാവും മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണ ബിജെപി പാളയത്തിലേക്ക് ചുവട് മാറിയപ്പോഴും ഡികെയും സിദ്ധാർഥയും തമ്മിലുള്ള സൗഹൃദം അതുപോലെ തന്നെ തുടർന്നിരുന്നു. ഡികെയെ ലക്ഷ്യമിട്ട് ബിജെപി നടത്തിയ രാഷ്ട്രീയകളികളിൽ സിദ്ധാർഥയും പെട്ടുപോയെന്നാണ് റിപ്പോർട്ടുകൾ. എസ്.എം കൃഷ്ണയുടെ അടുത്ത അനുയായി ആയിരുന്നു ഒരുകാലത്ത് ഡികെ. അന്നുമുതൽ സിദ്ധാർഥയുമായും ഡികെ ആത്മബന്ധം സൂക്ഷിച്ചിരുന്നു.

ഗൗഡ വിഭാഗത്തില്‍നിന്നുള്ളവരും വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നവരും ആണ് ശിവകുമാറും സിദ്ധാര്‍ഥയും. വമ്പന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്ന ഡി.കെ.ശിവകുമാറിനെ ലക്ഷ്യമിട്ടു നടത്തിയ ആദായനികുതി റെയ്ഡുകളാണ് പിന്നീട് സിദ്ധാര്‍ഥയിലേക്കും എത്തിയതെന്നാണു സൂചന. കടബാധ്യതകളില്‍ നട്ടംതിരിഞ്ഞിരുന്ന സിദ്ധാര്‍ഥയ്ക്ക് ഇതു കൂടുതല്‍ തിരിച്ചടിയായി മാറുകയായിരുന്നു. ശിവകുമാറിന്റെ ഓഫിസുകളില്‍ നടത്തിയ തിരച്ചിലില്‍ ലഭിച്ച രേഖകളാണ് സിദ്ധാര്‍ഥയെ സംശയത്തിന്റെ നിഴലിലേക്കു കൊണ്ടുവന്നതെന്നു സാമ്പത്തിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു.

ആദായനികുതി വകുപ്പില്‍നിന്നു വലിയ സമ്മര്‍ദം നേരിടേണ്ടിവന്നുവെന്ന് സിദ്ധാര്‍ഥയുടേതെന്ന പേരില്‍ പുറത്തുവന്ന ആത്മഹത്യാക്കുറിപ്പിലും സൂചിപ്പിച്ചിട്ടുണ്ട്. 2017-ലാണ് ശിവകുമാറിനെതിരായ റെയ്ഡുകള്‍ നടന്നത്. ശിവകുമാറും കഫെ കോഫി ഡേയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചു വിവരം ലഭിച്ചതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നു മൈന്‍ഡ്ട്രീ എന്ന കമ്പനിയിലെ സിദ്ധാര്‍ഥിന്റെ ഓഹരികള്‍ കണ്ടുകെട്ടാന്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിടുക്കം കാട്ടിയെന്ന് ശിവകുമാറിന്റെ സഹോദരനും കോണ്‍ഗ്രസ് എംപിയുമായ ഡി.കെ. സുരേഷ് പറഞ്ഞു. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഇതു തികച്ചും അനാവശ്യമായിരുന്നുവെന്നും സുരേഷ് കുറ്റപ്പെടുത്തി.

20.3 ശതമാനം ഓഹരിയാണ് സിദ്ധാര്‍ഥയ്ക്ക് മൈന്‍ഡ്ട്രീയില്‍ ഉണ്ടായിരുന്നത്. ഓഹരികള്‍ വിറ്റ് കടബാധ്യതകള്‍ തീര്‍ക്കാന്‍ സിദ്ധാര്‍ഥ ശ്രമിക്കുന്നതിനിടെയാണ് തിടുക്കപ്പെട്ട് ഓഹരികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മൈന്‍ഡ്ട്രീയിലെ 74.9 ലക്ഷം ഓഹരികളാണ് ജനുവരിയില്‍ ആദായനികുതി വകുപ്പ് കണ്ടു കെട്ടിയത്. എന്നാല്‍ പിന്നീടത് വിട്ടു നല്‍കിയെങ്കിലും ഓഹരികള്‍ എല്‍ആന്‍ഡ്ടിക്കു വില്‍ക്കാനുള്ള നീക്കം ഇതോടെ തടസപ്പെടുകയും വന്‍ബാധ്യതയ്ക്ക് ഇടയാക്കുകയും ചെയ്തു.

അന്വേഷണങ്ങളുടെ പ്രധാന ലക്ഷ്യം കര്‍ണാടകയിലെ ഏറ്റവും സമ്പന്ന രാഷ്ട്രീയക്കാരനായ ഡി.കെ.ശിവകുമാര്‍ ആയിരുന്നുവെന്നാണു പലരും വിശ്വസിക്കുന്നത്. ശക്തമായ അഴിമതി ആരോപണങ്ങളും ശിവകുമാറിന് എതിരെ നിലനില്‍ക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ച ബിജെപിയെ തടഞ്ഞുനിര്‍ത്തിയതും ജെഡിഎസുമായി ചേര്‍ന്നു സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതും ശിവകുമാറിന്റെ തന്ത്രമായിരുന്നു.

79 പേര്‍ക്കെതിരെയാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. ഇതില്‍ ശിവകുമാറിനും മറ്റു നാലു പേര്‍ക്കും എതിരായ കേസ് കോടതിയിലാണ്. ശിവകുമാറിനെയും സിദ്ധാര്‍ഥയെയും ബന്ധിപ്പിക്കാന്‍ ആദായനികുതി വകുപ്പ ശ്രമിച്ചിരുന്നുവെന്ന് ശിവകുമാറിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. സിദ്ധാര്‍ഥയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടുമില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here