അപകടകെണിയൊരുക്കി ഉപ്പള-തലപ്പാടി ദേശീയപാതയിൽ സർവത്ര കുഴികൾ; യാത്രക്കാര്‍ ഭീതിയില്‍

0
210

ഉപ്പള (www.mediavisionnews.in) : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴ കുറഞ്ഞതോടെ സംസ്ഥാനാതിര്‍ത്തിയായ തലപ്പാടി മുതല്‍ ഉപ്പള വരെയുള്ള ദേശീയപാതയില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടു. ഉപ്പള മുതല്‍ കാസര്‍കോടു വരെ ദേശീയപാത അതീവ ശോചനീയമായിരിക്കുന്നു.

കുഴികള്‍ മൂലം വലിപ്പചെറുപ്പമില്ലാതെ വാഹനങ്ങള്‍ക്കു പതിവായി കേടുപാടുണ്ടാവുന്നു. ചെറു വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതു സാധാരണ സംഭവമായിരിക്കുന്നു.

റോഡിന്റെ ശോചനീയാവസ്ഥമൂലം വാഹനങ്ങള്‍ ഇഴഞ്ഞിഴഞ്ഞാണ്‌ ഈ റോഡില്‍ നീങ്ങുന്നത്‌. അതു കൊണ്ടുതന്നെ വാഹനങ്ങളുടെ നീണ്ട നിര റോഡു മുഴുവന്‍ അനുഭവപ്പെടുന്നു. കാസര്‍കോടു നിന്നു തലപ്പാടിക്കു ഇപ്പോള്‍ വാഹനയാത്രക്കു മണിക്കൂറുകള്‍ വേണ്ടി വരുന്നു. വാഹനക്കുരുക്ക്‌ സാധാരണമായതോടെ ആംബുലന്‍സും മറ്റും റോഡില്‍ കുടുങ്ങുന്നതും പതിവായിട്ടുണ്ട്‌.

തലപ്പാടി-കാസര്‍കോട്‌ ദേശീയപാത എല്ലാവര്‍ഷവും ഇത്തരത്തിലാവുന്നതു റോഡു നിര്‍മ്മാണത്തിലെ അപാകതമൂലമാണെന്ന്‌ ആക്ഷേപമുണ്ട്‌. റോഡിലെ ഇളകിയ മണ്ണുകള്‍ നീക്കം ചെയ്യുകയോ, റോഡിനടിയില്‍ ആവശ്യത്തിനു ജല്ലി നിരത്തുകയോ ചെയ്യാതെ ടാറിംഗ്‌ പണിയില്‍ കൃത്രിമം നടത്തുന്നതാണ്‌ കാരണമെന്നു നാട്ടുകാര്‍ പറയുന്നു.

ടാറിംഗ്‌ സമയത്ത്‌ ബന്ധപ്പെട്ട മരാമത്ത്‌ ജീവനക്കാര്‍ പണി സ്ഥലത്തു തിരിഞ്ഞുനോക്കുക പോലും ചെയ്യാറില്ലെന്ന്‌ ആക്ഷേപമുണ്ട്‌. റോഡ്‌ ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നു ആവശ്യമുണ്ട്‌.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here