സ്വാതന്ത്ര്യദിനത്തില്‍ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നേടിയയാള്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍

0
221

തെലങ്കാന: (www.mediavisionnews.in) സ്വാതന്ത്ര്യ ദിനത്തില്‍ മികച്ച സേവനത്തിനുള്ള പുരസ്‌കാരം നേടിയ കോണ്‍സ്റ്റബിള്‍ പിറ്റേ ദിവസം കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റില്‍.

കോണ്‍സ്റ്റബിള്‍ പല്ലേ തിരുപ്പതി റെഡ്ഡിയെയായിരുന്നു സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാന സര്‍ക്കാര്‍ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചത്. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി ശ്രീനിവാസ് ഗൗണ്ടായിരുന്നു ഇദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. പൊലീസ് സൂപ്രണ്ട് രമാ രാജേശ്വരിയുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാരം കൈമാറിയത്.

എന്നാല്‍ ഇന്നലെ ഇദ്ദേഹത്തെ 17000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അഴിമതി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു. തെലങ്കാന മെഹ്ബൂബ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഇദ്ദേഹം കൈക്കൂലി വാങ്ങിയത്.

എം. രമേഷ് എന്നയാളുടെ പരാതിയിലായിരുന്നു നടപടി. കൈക്കൂലി നല്‍കിയില്ലെങ്കില്‍ തന്റെ ട്രാക്ടര്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുമെന്ന് പറഞ്ഞ് കഴിഞ്ഞ ഒരു വര്‍ഷമായി ഇദ്ദേഹം തന്നെ ഭീഷണിപ്പെടുകയാണെന്നായിരുന്നു രമേഷ് പരാതിയില്‍ പറഞ്ഞത്.

കൈക്കൂലി നല്‍കിയില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തിയതായും ഇദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കോണ്‍സ്റ്റബിളിനെതിരെ രമേഷ് ആന്റി കറപ്ഷന്‍ ബ്യൂറോയെ സമീപിക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. കൈക്കൂലിയായ 17000 രൂപ വാങ്ങി ഇദ്ദേഹം പോക്കറ്റില്‍ വെക്കാനൊരുങ്ങവേയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ഇദ്ദേഹത്തെ പ്രത്യേക കോടതിയില്‍ ഹാജരാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here