ശ്രീനഗര്‍: (www.mediavisionnews.in) ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്‍ഫാന്‍ പത്താനോടും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനോടും എത്രയും പെട്ടെന്ന് കാശ്മീരില്‍ നിന്ന് മാറാന്‍ കേന്ദ്രസര്‍ക്കാര്‍. ജമ്മു കാശ്മീര്‍ ടീം കളിക്കാരനും മെന്ററുമായ പത്താനോടും കോച്ച് മിലപ്പ് മേവാഡയോടും ട്രെയിനര്‍ വി.പി സുദര്‍ശനോടും ഇന്ന് തന്നെ കാശ്മീരില്‍ നിന്ന് മടങ്ങാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ട്.
‘ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പത്താനോടും സംഘത്തോടും മടങ്ങാന്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ഇന്ന് തന്നെ കാശ്മീര്‍ വിടും. കാശ്മീരികളല്ലാത്ത സെലക്ടര്‍മാരും സംസ്ഥാനം വിടണമെന്നാണ് തങ്ങള്‍ക്ക് കിട്ടിയ നിര്‍ദ്ദേശം’- ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സി.ഇ.ഒ സയ്യീദ് ആഷിഖ് ഹുസൈന്‍ ബുഖാരി പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ തുടങ്ങാനിരിക്കെ ജമ്മു കാശ്മീര്‍ ടീമിന് പുതിയ സംഭവവികാസങ്ങള്‍ വലിയ തിരിച്ചടിയായിരിക്കുകയാണ്. ആഗസ്റ്റ് 17 ന് ദുലീപ് ട്രോഫിയും പിന്നാലെ വിജയ് ഹസാരെ ട്രോഫി ടൂര്‍ണ്ണമെന്റും നടക്കാനുണ്ട്. കാശ്മീരിലെ നിലവിലെ അനിശ്ചിതാവസ്ഥയില്‍ നൂറോളം ക്രിക്കറ്റ് താരങ്ങളോടാണ് സംസ്ഥാനം വിട്ട് പോകാന്‍ പറഞ്ഞിരിക്കുന്നത്.
ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് പറഞ്ഞ് കശ്മീരില്‍ നിന്നും അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും തിരിച്ചുപോരാന്‍ വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആയിരങ്ങള്‍ കശ്മീരില്‍ നിന്നു പലായനം ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അമര്‍നാഥ് തീര്‍ഥാടനപാതയില്‍ പാക് നിര്‍മിത കുഴിബോംബുകളടക്കം അത്യാധുനിക ആയുധങ്ങള്‍ കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. തുടര്‍ന്നാണ് ജനം പരിഭ്രാന്തിയിലായത്.
ജര്‍മനിയും ബ്രിട്ടനും തങ്ങളുടെ പൗരര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തേ വിദേശികള്‍ക്ക് മുന്നറിയിപ്പ് നല്‍കാത്തതിനാല്‍ ഇത്തരത്തിലുള്ള നിരവധിപ്പേര്‍ കശ്മീരിലെത്തിയിരുന്നു.
മുന്നറിയിപ്പ് വന്നതോടെ പ്രദേശവാസികള്‍ അവശ്യവസ്തുക്കളും ധാന്യവും മറ്റും സംഭരിക്കുന്ന തിരക്കിലാണെന്ന് ‘കശ്മീര്‍ ഒബ്‌സര്‍വര്‍’ റിപ്പോര്‍ട്ട് ചെയ്തു.
ആഭ്യന്തരമന്ത്രാലയം ജനങ്ങളെ ഭയപ്പെടുത്തുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചിരുന്നു.
‘വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവര്‍ പറയുന്നത് കശ്മീര്‍ പുറത്തുനിന്നു വരുന്നവര്‍ക്കു സുരക്ഷിതമല്ലെന്നാണ്.’- വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം ജനങ്ങള്‍ക്കിടയില്‍ ആശങ്കയും സംശയവും ഉണ്ടാക്കിയെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ നിര്‍ദേശത്തെ മറ്റു കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ജനങ്ങളില്‍ ആശങ്ക ജനിപ്പിക്കുന്നതെന്നും രാഷ്ട്രീയനേതാക്കള്‍ അവരുടെ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്നും ഗവര്‍ണര്‍ സത്യപാല്‍ നായിക് വ്യക്തമാക്കി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.