തിരുവനന്തപുരം: (www.mediavisionnews.in) വിവാഹത്തിന് രജിസ്റ്റർ ചെയ്യുന്നത് പോലെ ഇനി വിവാഹമോചനത്തിനും രജിസ്‌ട്രേഷൻ. സംസ്ഥാന സർക്കാർ ഇതിന് നീക്കം നടത്തുന്നതായാണ് വിവരം. നിലവിൽ വിവാഹമോചനം രജിസ്റ്റർ ചെയ്യുന്നില്ല. എന്നാൽ ഇതിന് മാറ്റം കൊണ്ടുവരാനുള്ള നീക്കത്തിലാണ് നിയമവകുപ്പ്. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയെത്തുടർന്നാണ് നിയമവകുപ്പ് ഇതിന്റെ സാധ്യത പരിശോധിക്കുന്നത്.
1897 ആക്ട് 21ാം വകുപ്പും 2008ലെ കേരള വിവാഹ രജിസ്‌ട്രേഷൻ നിയമവും അനുസരിച്ചാകും വിവാഹമോചനം രജിസ്റ്റർ ചെയ്യുക. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം സബ് രജിസ്ട്രാർ ഓഫീസിലും വിവാഹ രജിസ്‌ട്രേഷൻ നിയമപ്രകാരം അതത് തദ്ദേശ സ്ഥാപനങ്ങളിലുമാണ് ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യുന്നത്.
വിവാഹമോചനം രജിസ്റ്റർചെയ്യാത്തതിനാൽ വിവാഹബന്ധം വേർപെടുത്തിയാലും ഔദ്യോഗിക രേഖകളിൽ വിവാഹിതരായി തുടരുന്നുണ്ട്. വിവാഹമോചനം രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ജിതിൻ വർഗീസ് പ്രകാശ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.
സബ് രജിസ്ട്രാർ ഓഫീസിലും തദ്ദേശസ്ഥാപനങ്ങളിലും ഇത് നടപ്പാക്കാൻ ഉത്തരവുകളും നിയമഭേദഗതിയും വേണം. വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ സാക്ഷികളാണ് വേണ്ടതെങ്കിൽ വിവാഹമോചനത്തിന് കോടതിവിധിയുടെ വിശദാംശങ്ങളാവും ചേർക്കുക.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.