മഞ്ചേശ്വരം: (www.mediavisionnews.in) ഹൊസങ്കടിയിൽ വെടിയേറ്റ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ബദിയടുക്ക, ചെർളടുക്ക സ്വദേശി സിറാജുദീ(40)ന്റെ കഴുത്തിലെ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. അത്യന്തം ദുഷ്കരമായ ശസ്ത്രക്രിയ മണിക്കൂറുകളോളം നീണ്ടുനിന്നുവെന്നാണ് സൂചന. ഇതോടെ യുവാവ് അപകടനില തരണം ചെയ്തു. ഈ മാസം ഏഴിന് രാത്രിയിലാണ് സിറാജുദ്ദീനെ വെടിയേറ്റ നിലയിൽ നാലംഗ സംഘം മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനു ശേഷം കൂടെ ഉണ്ടായിരുന്നവർ കടന്നുകളയുകയും ചെയ്തു. പാണ്ടേശ്വരം പോലീസ് അറിയിച്ചതിനെ തുടർന്നാണ് സംഭവത്തിൽ മഞ്ചേശ്വരം പോലീസ് സ്വമേധയാ കേസെടുത്തത്.
ഇതിനിടയിൽ കഴുത്തിൽ തറച്ച വെടിയുണ്ട നീക്കം ചെയ്യുന്നത് സങ്കീർണ സ്ഥിതിയുണ്ടാക്കി. ഇതോടെയാണ് യുവാവിനെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രയിലേക്ക് മാറ്റിയത്. വിദഗ്ധ പരിശോധനയ്ക്കു ശേഷമാണ് അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ സിറാജുദ്ദീന്റെ കഴുത്തിലെ വെടിയുണ്ട നീക്കം ചെയ്തത്.
ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ പോലീസ് സംഘം സിറാജുദ്ദീന്റെ മൊഴിയെടുത്തു. കാറിൽ നിന്ന് ഒരു കടയിലേക്ക് കയറുന്നതിനിടയിലാണ് തനിക്ക് വെടിയേറ്റതെന്ന് സിറാജുദ്ധീൻ നൽകിയ മൊഴിയെന്നാണ് സൂചന. അക്രമികളെ തിരിച്ചറിഞ്ഞില്ലെന്ന് മൊഴിയിൽ ഉള്ളതായും പറയുന്നു.
അതെ സമയം സിറാജുദ്ദീന്റെ കഴുത്തിൽ നിന്നും നീക്കം ചെയ്ത വെടിയുണ്ട ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. റിവോൾവർ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് വ്യക്തമായിട്ടുണ്ട്. സിറാജുദ്ദീനെ വെടിവെച്ച സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. നാലു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും ഇവരെല്ലാം ഒളിവിൽ പോയതായും പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. അതെ സമയം ഏപ്രിൽ എട്ടാം തീയ്യതി രാത്രി മിയാപദവിനു സമീപത്തെ വീട്ടിൽ നിന്നും 20 വെടിയുണ്ടകളും 14 ഒഴിഞ്ഞ വെടിയുണ്ട കവറുകളും പിടികൂടിയ കേസിലെ മുഖ്യ പ്രതി അബ്ദുൽ റഹ്‌മാനെ കണ്ടെത്താനുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.