കോച്ചാകേണ്ട, സെവാഗിന് വേണ്ടത് ടീം ഇന്ത്യയുടെ ഈ പദവി

0
204

ന്യൂഡല്‍ഹി (www.mediavisionnews.in): കഴിഞ്ഞ തവണ ഇന്ത്യന്‍ ടീമിന്റെ കോച്ചാകാന്‍ ശ്രമിച്ച് അവസാന നിമിഷം പരാജയപ്പെട്ട മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ് ഇത്തവണ ആഗ്രഹിക്കുന്നത് മറ്റൊരു പദവി. ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനുളള സെലക്ടറാകണമെന്നാണ് സെവാഗ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്.

ട്വിറ്ററിലൂടെയാണ് സെവാഗ് തന്റെ പുതിയ ആഗ്രഹം വെളിപ്പെടുത്തിയത്. ‘എനിക്ക് സെലക്ടറാകണം… ആരാണ് അവസരം തരിക?’ സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

2011-ലെ എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ രണ്ട് ഇന്നിംഗ്സിലും ഗോള്‍ഡന്‍ ഡക്കായതിന്റെ വാര്‍ഷികം സ്വയം ‘ട്രോളി’ ആഘോഷിച്ചതിനു പിന്നാലെയാണ് സെലക്ടറാകാനുള്ള ‘ആഗ്രഹം’ സെവാഗ് പരസ്യമായി പ്രഖ്യാപിച്ചത്. ട്വീറ്റിനു താഴെ സെവാഗിനെ പിന്തുണച്ച് നിരവധി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.

അതേസമയം, എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള നിലവിലെ സെലക്ഷന്‍ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുകയും പുതിയ സെലക്ഷന്‍ കമ്മിറ്റിക്കായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അന്വേഷണം നടത്തുകയും ചെയ്യുന്ന ഘട്ടത്തിലാണ് ട്വീറ്റെന്നത് ശ്രദ്ധേയം. പുതിയ സെലക്ഷന്‍ കമ്മിറ്റിയെ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ ഉപദേശക സമിതിയാണ് തിരഞ്ഞെടുക്കുന്നത്. വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന്‍ കൂടിയായ അന്‍ഷുമാന്‍ ഗെയ്ക്ക്വാദ് എന്നിവരാണ് മറ്റു സമിതിയംഗങ്ങള്‍.

നിലവില്‍ പുതിയ പരിശീലക സംഘത്തെ കണ്ടെത്താനുള്ള യത്‌നത്തിലാണ് കപിലും സംഘവും. താരതമ്യേന അനുഭവസമ്പത്ത് കുറഞ്ഞ നിലവിലെ സെലക്ഷന്‍ കമ്മിറ്റിയുടെ പല തീരുമാനങ്ങളും കടുത്ത വിമര്‍ശനത്തിന് വിധേയമായിരുന്നു. എം.എസ്.കെ. പ്രസാദിനു പുറമെ മുന്‍ താരങ്ങളായ ശരണ്‍ദീപ് സിംഗ്, ദേവാങ് ഗാന്ധി, ജാട്ടിന്‍ പരാഞ്ജ്‌പെ, ഗഗന്‍ ഖോഡ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് നിലവിലെ സെലക്ഷന്‍ കമ്മിറ്റി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here