കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

0
209

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് മുതൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ആ​ഗസ്റ്റ് ആറ് മുതൽ 10 വരെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളിൽ ആഗസ്റ്റ് എട്ടിന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 മിമിറ്ററിൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുക ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. 

ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകൾ

ആഗസ്റ്റ് 06ന് – മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്  
ആഗസ്റ്റ് 07ന് – എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ 
ആഗസ്റ്റ് 08ന് – തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസർഗോഡ്   
ആഗസ്റ്റ്  09ന് – ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്  

ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മിമി വരെ മഴ) അതിശക്തമായതോ (115 മിമി മുതൽ 204.5 മിമി വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. 

മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ

ആഗസ്റ്റ് 06 ന് – എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് 
ആഗസ്റ്റ് 07 ന് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കാസർഗോഡ്  
ആഗസ്റ്റ് 08 ന് – എറണാകുളം 
ആഗസ്റ്റ് 09 ന് – എറണാകുളം, പാലക്കാട്, കണ്ണൂർ  
ആഗസ്റ്റ് 10 ന് – എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് 

പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ

ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം. (പ്രളയ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ  http://sdma.kerala.gov.in/wp-content/uploads/2018/10/KL-Flood.jpg ലഭ്യമാണ്) 
 
ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടാവുകയോ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്ത വീടുകളിൽ താമസിക്കുന്നവരും പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ ഇത് വരെ നടത്തിത്തീർക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവരും ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം. ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. (ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളുടെ ഭൂപടം ഈ ലിങ്കിൽ http://sdma.kerala.gov.in/wp-content/uploads/2018/10/KL-Landslide.jpg ലഭ്യമാണ്)

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here