മുംബൈ (www.mediavisionnews.in) : ജലജ് സക്‌സേന എന്ന സ്റ്റാര്‍ ഓള്‍റൗണ്ടറെ മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. രഞ്‌ജിയില്‍ കേരളത്തിനായി വിസ്‌മയിപ്പിക്കുന്ന ഓള്‍റൗണ്ട് പ്രകടനം കാഴ്‌ചവെച്ച താരം. എന്നിട്ടും സക്‌സേന ഇന്ത്യന്‍ ടീമിലെത്തിയില്ല. ആഭ്യന്തര ക്രിക്കറ്റിലെ ഹീറോകളിലൊരാളായ സക്‌സേന ഇപ്പോള്‍ അപൂര്‍വ റെക്കോര്‍ഡിന് അര്‍ഹനായിരിക്കുകയാണ്. അതും ഇന്ത്യന്‍ ടീമില്‍ ഇതുവരെ സ്ഥാനംപിടിക്കാത്ത താരത്തിന്‍റെ അപൂര്‍വ നേട്ടം.
ഫസ്റ്റ്‌ക്ലാസ് ക്രിക്കറ്റില്‍ 6000 റണ്‍സും 300 വിക്കറ്റും തികച്ച ഏക അണ്‍ക്യാപ്‌ഡ് പ്ലെയറാണ് ജലജ് സക്‌സേന. 113 ഫസ്റ്റ്‌ക്ലാസ് മത്സരങ്ങളില്‍ നിന്ന് 6044 റണ്‍സും 305 വിക്കറ്റുമാണ് സക്‌സേനയുടെ സമ്പാദ്യം. 14 സെഞ്ചുറികളും 17 അഞ്ച് വിക്കറ്റ് നേട്ടങ്ങളും പേരിലുണ്ട്. ദുലീപ് ട്രോഫിയില്‍ ഇന്ത്യ റെഡ്- ഇന്ത്യ ബ്ലൂ പോരാട്ടത്തിനിടെയാണ് സക്‌സേനയെ തേടി റെക്കോര്‍ഡ് എത്തിയത്.
ആഭ്യന്തര ക്രിക്കറ്റില്‍ 6000 റണ്‍സും 300 വിക്കറ്റും പിന്നിടുന്ന 19-ാം താരമാണ് സക്‌സേന. ലാല അമര്‍നാഥ്, വിജയ് ഹസാരെ, വിനു മങ്കാദ്, പോളി ഉമ്രിഗര്‍ തുടങ്ങിയ ഇതിഹാസ താരങ്ങള്‍ പട്ടികയിലുണ്ട്. രഞ്ജിയില്‍ കഴിഞ്ഞ നാല് സീസണുകളിലും മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള പുരസ്‌കാരം സക്‌സേനക്കായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് ഒരിക്കല്‍ പോലും മധ്യപ്രദേശുകാരനായ മുപ്പത്തിരണ്ടുകാരനെ പരിഗണിച്ചില്ല.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.