കര്‍ണാടകയില്‍ ബീഫ് നിരോധിച്ചേക്കും; ചര്‍ച്ച നടക്കുന്നതായി മന്ത്രി

0
201

ബെംഗളൂരു (www.mediavisionnews.in) : കര്‍ണാടകയില്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി ബി.ജെ.പി സര്‍ക്കാര്‍.

ബീഫിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും കര്‍ണാടക ടൂറിസ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സി.ടി രവി പറഞ്ഞതായി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

” ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ ഗോ സംരക്ഷണ സെല്ലിന്റെ നിവേദനം ലഭിച്ചിരുന്നു. വിഷയത്തില്‍ ഇതുവരെ തീരുമാനം എടുത്തില്ല. ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്”- എന്നാണ് അദ്ദേഹം പറഞ്ഞത്.

സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഗോ സംരക്ഷണ സെല്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് നിവേദനം സമര്‍പ്പിച്ചത്.

ബീഫ് നിരോധിക്കാന്‍ 2010 ല്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഗവര്‍ണര്‍ ബില്‍ നിരസിക്കുകയായിരുന്നുവെന്ന് നിവേദനത്തില്‍ പറയുന്നുണ്ട്.

”ഇപ്പോള്‍ ബിജെപി അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ 2010 ലെ നിയമനിര്‍മ്മാണം കൂടുതല്‍ ശക്തമാക്കണം,” എന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ബി.ജെ.പി ഗോ സംരക്ഷണ സെല്‍ അധ്യക്ഷന്‍ സിദ്ധാര്‍ത്ഥ് ഗോയങ്ക ന്യൂസ് മിനുട്ടിനോട് പറഞ്ഞു.

സര്‍ക്കാര്‍ തങ്ങളുടെ നിവേദനം പരിഗണിച്ച് വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

2010ല്‍ കന്നുകാലി കശാപ്പ്, കന്നുകാലി സംരക്ഷണ ബില്‍ കര്‍ണാടക നിയമസഭയില്‍ ഒരു നീണ്ട ചര്‍ച്ചയ്ക്ക് ശേഷം പാസാക്കിയിരുന്നു.

എന്നാല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമനിര്‍മ്മാണത്തെ ശക്തമായി എതിര്‍ത്തു. ഇത്തരമൊരു ബില്‍ ക്രൂരവും ഭരണഘടനാവിരുദ്ധവുമാമെന്നും മതേതരത്വത്തിനെതിരാണെന്നും പറഞ്ഞ് ബില്ലിന്റെ പകര്‍പ്പ് നിയമസഭയില്‍ അദ്ദേഹം വലിച്ചുകീറുകയും ചെയ്തിരുന്നു.

തുടര്‍ന്ന് അന്നത്തെ ഗവര്‍ണറായിരുന്ന എച്ച്.ആര്‍ ഭരദ്വാജ് ബില്ലിന് അനുമതി നിഷേധിക്കുകയായിരുന്നു.

1964 മുതല്‍ കര്‍ണാടകയില്‍ പശു കശാപ്പ് ഭാഗികമായി നിരോധിച്ചിരുന്നു. 1964 ലെ നിയമപ്രകാരം പശുക്കളെയും എരുമകളെയും അറുക്കുന്നതിന് മാത്രമായിരുന്നു നിരോധനം. എന്നാല്‍ കാളകളെയും പോത്തിനേയും അറുക്കുന്നത് നിരോധിക്കാനായിരുന്നു 2010 ലെ ബില്ലിലൂടെ ബി.ജെ.പി ശ്രമിച്ചത്.

2013 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here