ഇതു പോലൊരു പ്രതിസന്ധി കരിയറില്‍ ആദ്യം, തുറന്ന് പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍

0
212


ജമ്മു കശ്മീര്‍ (www.mediavisionnews.in) : ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദനം എടുത്ത് കളഞ്ഞതിനെ തുടര്‍ന്ന് മേഖല അനുഭവിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരവും ജമ്മു കശ്മീര് ടീമിന്റെ മെന്ററുമായ ഇര്‍ഫാന്‍ പത്താന്‍. അടുത്ത മാസം ആരംഭിക്കുന്ന ക്രിക്കറ്റ് സീസണ് മുന്നോടിയായി കളിക്കാരെ വിളിച്ചു ചേര്‍ക്കാന്‍ വഴിയൊന്നുമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണത്രെ ജമ്മു കശ്മീര്‍ ക്രിക്കറ്റ് ബോര്‍ഡ്.

ഒടുവില്‍ ക്യാമ്പിലെത്തണമെന്ന് പ്രാദേശിക ടിവിയിലൂടെ പരസ്യം നല്‍കാനാണ് ജമ്മു കശ്മീര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. കഴിഞ്ഞ ദിവസം ഈ പ്രശ്‌നത്തിന് പരിഹാരം തേടി ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ആഷിഖ് അലി ബുഖാരിയും അസോസിയേഷന്‍ ഭരണാധികാരി സികെ പ്രസാദും പരിശീലകന്‍ ഇര്‍ഫാന്‍ പത്താനും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രാദേശിക ടിവി ചാനലുകളില്‍ പരസ്യം നല്‍കി താരങ്ങളെ വിളിച്ചു ചേര്‍ക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്.

കരിയറില്‍ ഇതുപോലൊരു പ്രതിസന്ധി താന്‍ അനുഭവിച്ചിട്ടില്ലെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. 2018 സീസണ്‍ മുതല്‍ ഇര്‍ഫാന്‍ കശ്മീര്‍ ടീമിനൊപ്പമാണ്.

ആഭ്യന്തര സീസണിന് മുന്നോടിയായി പരിശീലന ക്യാമ്പ് നടത്തി വരികെയാണ് കശ്മീരിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സങ്കീര്‍ണമായത്. ഇതേത്തുടര്‍ന്ന് ക്യാമ്പ് പിരിച്ചുവിട്ട് ക്രിക്കറ്റ് അസോസിയേഷന്‍ താരങ്ങളെ മടക്കി അയക്കുകയായിരുന്നു.

അടുത്തമാസം ആരംഭിക്കുന്ന വിജയ് ഹസാരെ ടൂര്‍ണമെന്റോടെയാണ് പുതിയ ആഭ്യന്തര ക്രിക്കറ്റ് സീസണിന് രാജ്യത്ത് തുടക്കമാവുക. എന്നാല്‍ നിലവിലെ സാഹചര്യങ്ങളില്‍ ടീമംഗങ്ങളെ വിളിച്ചു ചേര്‍ക്കാന്‍ അസോസിയേഷന് കഴിയുന്നില്ല. ഇതിന് പരിഹാരമായാണ് താരങ്ങളെ വിളിച്ച് കൂട്ടാന്‍ പ്രാദേശിക ടിവി ചാനലുകളില്‍ പരസ്യം നല്‍കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here