വിചാരണ തടവുകാരായി 23 വര്‍ഷം; ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ ആരു തിരിച്ചു തരും?- കുറ്റവിമുക്തര്‍ ചോദിക്കുന്നു

0
202

രാജസ്ഥാന്‍ (www.mediavisionnews.in) : സംലേതി സ്‌ഫോടന കേസില്‍ കുറ്റം ആരോപിക്കപ്പെട്ടവര്‍ 23 വര്‍ഷത്തെ വിചാരണ തടവിന് ശേഷം പുറത്തിറങ്ങി. 1996 മെയ് 22-ന് രാജസ്ഥാനിലെ സംലേതിയില്‍ വെച്ച് ബസിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 14 പേര്‍ മരിക്കുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട് 23 വര്‍ഷം ജയിലിലായിരുന്ന ആറ് പേരെയാണ് രാജസ്ഥാന്‍ ഹൈക്കോടതി നിരപരാധികളെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം വെറുതെ വിട്ടത്.

ഡല്‍ഹിയിലും കാഠ്മണ്ഡുവിലും കശ്മീരി കരകൗശല വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന ലത്തീഫ് അഹമദ് ബാജ (42), അലി ഭട്ട് (48), ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന മിര്‍സാ നിസാര്‍ (39), ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ നിന്നുള്ള അബ്ദുല്‍ ഗോനി (57), ആഗ്ര സ്വദേശി റയീസ് ബേഗ് (56) എന്നിവരെയാണ് മോചിപ്പിച്ചത്. ആറാമന്‍ ജാവേദ് ഖാന്‍ ലാജ്പത് നഗര്‍ സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് തിഹാര്‍ ജയിലില്‍ ആയതിനാല്‍ പുറത്തിറങ്ങാനായില്ല. കേസില്‍ ആകെ 12 പേരെയാണ് കോടതി ഇതുവരെ വെറുതെ വിട്ടത്.

ഞങ്ങളെ ഇപ്പോള്‍ കുറ്റവിമുക്തരാക്കി. പക്ഷേ, ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട 23 വര്‍ഷങ്ങള്‍ ആര് തിരിച്ചു തരുമെന്ന് കുറ്റവിമുക്തര്‍ ചോദിക്കുന്നു. പുറത്തു വരുമ്പോള്‍ പുറത്തെ ലോകം എന്തെന്ന് അറിയില്ലെന്നായിരുന്നു മുഹമ്മദ് ഗോനിയുടെ പ്രതികരണ. അറസ്റ്റിലാവുമ്പോള്‍ തനിക്ക് 16 വയസ്സായിരുന്നു. എന്നാല്‍ പൊലീസ് 19 എന്ന് രേഖപ്പെടുത്തിയെന്നും ഗോനി പറഞ്ഞു.

ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നായിരുന്നു കുറ്റപത്രം. എന്നാല്‍ ഇവരില്‍ ആര്‍ക്കും കേസിലെ മുഖ്യപ്രതിയെന്ന് കോടതി കണ്ടെത്തുകയും, വധശിക്ഷ വിധിക്കുകയും ചെയ്ത ഡോ. അബ്ദുല്‍ ഹമീദുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here