‘മുസ്‌ലിം സ്ത്രീകള്‍ ആവശ്യം ഉന്നയിക്കട്ടെ’; പള്ളികളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹിന്ദു മഹാസഭയുടെ ഹരജി തള്ളി

0
213

ന്യൂദല്‍ഹി: (www.mediavisionnews.in) മുസ്‌ലിം സ്ത്രീകളെ ആരാധനയ്ക്കായി പള്ളികളില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിടണം എന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി.

മുസ്‌ലീം സ്ത്രീകള്‍ ഈ ആവശ്യം ഉന്നയിക്കട്ടെ എന്നാണ് ഹരജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞത്. ഹിന്ദു മഹാ സഭയുടെ കേരള ഘടകമാണ് ഹരജിയുമായി സുപ്രിംകോടതിയെ സമീപിച്ചത്.

മുസ്‌ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ സമര്‍പ്പിച്ച ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജി നിലവില്‍ സുപ്രിംകോടതിയുടെ പരിഗണിയിലുണ്ട്. മഹാരാഷ്ട്രാ സ്വദേശികളായ മുസ്‌ലിം ദമ്പതികളാണ് ആരാധനാ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഹരജിയില്‍ ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടിരുന്നു.

ശബരിമല കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മാത്രമാണ് ഈ ഹരജി കേള്‍ക്കാന്‍ തീരുമാനിക്കുന്നതെന്നും അന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

മുസ്ലിം പള്ളികളില്‍ പ്രവേശിക്കുന്നതില്‍ നിന്നും വനിതകളെ വിലക്കുന്നത് ഭരണഘടനയുടെ 14, 15, 21, 25, 29 വകുപ്പുകളുടെ ലംഘനമാണെനാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

വ്യക്തി നിയമങ്ങളില്‍ നിലനില്‍ക്കുന്ന അന്തരം ഒഴിവാക്കി ഏക സിവില്‍ നിയമം ഉറപ്പാക്കണമെന്ന ഭരണഘടനയുടെ 44 അനുച്ഛേദത്തിന്റെ ലംഘനമാണ് വിലക്ക് എന്നും ഹരജിക്കാര്‍ പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here