മഞ്ചേശ്വരത്ത് കച്ച മുറുക്കാൻ മുസ്ലിംലീഗ്; ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കണമെന്ന് നിർദേശം

0
238


കോഴിക്കോട് (www.mediavisionnews.in): മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിനൊരുങ്ങി മുസ്ലീം ലീഗ്. മഞ്ചേശ്വരത്തെ സാധ്യതയും വെല്ലുവിളികളും കോഴിക്കോട് ചേർന്ന പ്രവർത്തകസമിതിയോഗം വിലയിരുത്തി. കെ.സുരേന്ദ്രൻ തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാൻ തയ്യാറായ സാഹചര്യത്തിൽ നിയമനടപടികളുമായി ഇനി മുന്നോട്ടു പോകേണ്ടതില്ലെന്നാണ് നേതൃത്വത്തിന് അഭിപ്രായം. പി ബി അബ്ദുറസാഖ് എം.എൽ.എയുടെ നിര്യാണത്തോടെ ഒഴിവു വന്ന മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്.

യു ഡി എഫിനും മുസ്ലീം ലീഗിനും നിർണായകമാണ് മഞ്ചേശ്വരം. ബി ജെ പി സ്ഥാനാർഥി കെ സുരേന്ദ്രൻ നൽകിയ തെരഞ്ഞെടുപ്പ് കേസ് നിലനിൽക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പ് നീണ്ടുപോവുകയായിരുന്നു. കെ സുരേന്ദ്രൻ കേസ് പിൻവലിക്കാൻ തയ്യാറായ സാഹചര്യത്തിൽ മറ്റു ഉപതെരഞ്ഞെടുപ്പുകൾക്കൊപ്പം മഞ്ചേശ്വരത്തും വോട്ടെടുപ്പ് നടന്നേക്കും. കോടതിച്ചെലവ് ആവശ്യപ്പെട്ട് നിയമനടപടികൾ നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്ന വികാരമാണ് മുസ്ലീം ലീഗ് നേതൃത്വത്തിനുള്ളത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നടത്തിയ വലിയ മുന്നേറ്റം യു ഡി എഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്. മഞ്ചേശ്വരത്ത് അനുകൂലസാഹചര്യമാണെന്ന് തന്നെയാണ് മുസ്ലീം ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഒപ്പം ശക്തമായ ത്രികോണം മത്സരം തന്നെ യു ഡി എഫ് പ്രതീക്ഷിക്കുകയും ചെയ്യുന്നു. സ്ഥാനാർഥി ചർച്ചകളിലേക്ക് നേതൃത്വം കടന്നിട്ടില്ല. ഏത് സമയവും തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായിരിക്കണമെന്ന നിർദ്ദേശമാണ് പ്രവർത്തകസമിതി ജില്ലാഘടകത്തിന് നൽകിയിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here