പിന്‍സീറ്റിലെ ബൈക്ക് യാത്രക്കാരന് ഹെല്‍മറ്റ് നിര്‍ബന്ധം, കാറില്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണം

0
225

തിരുവനന്തപുരം: (www.mediavisionnews.in) ബൈക്കിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മറ്റും, കാറിലെ എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഗതാഗത സെക്രട്ടറി നിര്‍ദേശിച്ചു. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും  എല്ലാ ബൈക്ക്-കാര്‍ യാത്രക്കാരും ധരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാനത്ത് ഈ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്നും ഗതാഗത കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ചൂണ്ടിക്കാട്ടുന്നു. 

ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും വാഹനത്തിന്‍റെ ഡ്രൈവര്‍ മാത്രം ധരിച്ചാല്‍ മതിയെന്ന വിവരമാണ് കേരളത്തിലെ മാധ്യമങ്ങള്‍ പോലും ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇത് തെറ്റാണ്. ഗതാഗതചട്ട പ്രകാരം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഹെല്‍മറ്റോ സീറ്റ് ബെല്‍റ്റോ നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് പാലിക്കാതെയുണ്ടാവുന്ന അപകടങ്ങളില്‍ നഷ്ടപരിഹാരവും ചികിത്സാ ചെലവും നിഷേധിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അധികാരമുണ്ട് – കത്തില്‍ ഗതാഗത സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. 

ഈ സാഹചര്യത്തില്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കേരള പൊലീസും നടത്തുന്ന വാഹനപരിശോധനകളില്‍ കാറിലേയും ബൈക്കിലേയും എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. നേരത്തെ ഋഷിരാജ് സിംഗ് ഗതാഗത കമ്മീഷണറായിരുന്ന സമയത്ത് കാര്‍ യാത്രക്കാര്‍ക്കെല്ലാം സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഗതാഗതമന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിയമം കര്‍ശനമായി നടപ്പാക്കിയില്ല. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here