പശ്ചിമ ബംഗാളിൽ സിപിഎമ്മും കോൺഗ്രസും ഒരുമിക്കുന്നു

0
200

കൊൽക്കത്ത(www.mediavisionnews.in): പശ്ചിമ ബംഗാളിൽ ബിജെപി വിരുദ്ധ, തൃണമൂൽ കോൺഗ്രസ് വിരുദ്ധ) രാഷ്ട്രീയ ചേരിക്കായി സിപിഎമ്മും കോൺഗ്രസും കൈകോർക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തുടനീളം ഉണ്ടായ രാഷ്ട്രീയ അതിക്രമങ്ങൾക്ക് എതിരെ ഇരുപാർട്ടികളുടെയും നേതാക്കൾ ഒരുമിച്ചാണ് രംഗത്തിറങ്ങിയതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

പശ്ചിമ ബംഗാളിൽ 2021 ലാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്. അസംബ്ലി തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് ശക്തമായ സൗഹൃദം സ്ഥാപിക്കാനാണ് ഇരു പാർട്ടികളുടെയും നേതാക്കളുടെ ശ്രമമെന്നാണ് വിവരം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇരു പാർട്ടികളും തമ്മിൽ സീറ്റ് ധാരണ ഉണ്ടായിരുന്നെങ്കിലും തൃണമൂൽ കോൺഗ്രസിനെ താഴെയിറക്കാൻ സാധിച്ചിരുന്നില്ല. സംസ്ഥാനത്തെ 294 അസംബ്ലി സീറ്റുകളിൽ 211 ലും തൃണമൂൽ ജയിച്ചപ്പോൾ 44 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. സിപിഎം നേതൃത്വം നൽകുന്ന ഇടതുപാർട്ടികൾക്ക് 32 സീറ്റിലാണ് ജയിക്കാനായത്.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം കാഴ്ചവച്ച ബിജെപിയ്ക്ക് പിന്നിലായി സിപിഎം. ഒരു സീറ്റിൽ പോലും സിപിഎമ്മിന് വിജയിക്കാനായില്ല. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 17 ശതമാനം വോട്ട് നേടിയ ബിജെപി, തൊട്ടടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ പത്ത് ശതമാനം വോട്ട് മാത്രമാണ് നേടിയത്. എന്നാൽ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം കാഴ്ചവച്ച ബിജെപി 18 സീറ്റുകളിൽ വിജയിച്ചു. 40 ശതമാനം വോട്ടാണ് അവർ നേടിയത്. അഞ്ച് ശതമാനം വോട്ട് നേടിയ കോൺഗ്രസ് രണ്ട് സീറ്റിൽ മാത്രമാണ് വിജയിച്ചത്.

എന്നാൽ ഇതിന് പിന്നാലെ സംസ്ഥാനത്തുടനീളം തൃണമൂൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷങ്ങൾ ഉടലെടുത്തിരുന്നു. നോർത്ത് 24 പർഗ്‌നാസ് ജില്ലയിൽ ഈ സംഘർഷങ്ങൾക്കെതിരെ നടത്തിയ സമാധാന റാലിയിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ ഒന്നിച്ച് അണിനിരന്നു. 

ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസും ബംഗാൾ പിസിസി അദ്ധ്യക്ഷൻ സോമൻ മിത്രയും ഈ വേദിയിൽ ഒരുമിച്ചിരുന്നു. പ്രൈമറി സ്കൂൾ അദ്ധ്യാപകരുടെ പ്രതിഷേധത്തിൽ ഇരു പാർട്ടികളും ഒരേ നിലപാടാണ് കൈക്കൊണ്ടത്. കട്ട് മണി പ്രതിഷേധത്തിലും ഇരുവരും ഒന്നിച്ചു നിന്നു. 

സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസും ബിജെപിയും നടത്തുന്ന വർഗീയ പ്രീണന രാഷ്ട്രീയത്തിനെതിരെ മതേതര ചേരിയുടെ ബദൽ രാഷ്ട്രീയമുയർത്താനാണ് ശ്രമമെന്നാണ് ഇരു പാർട്ടിയുടെയും നേതാക്കൾ പറയുന്നത്. ജൂലൈ 26 ന് സംഘർഷ ബാധിത പ്രദേശമായ ബട്‌പാരയിൽ ഇരു പാർട്ടികളുടെയും നേതാക്കൾ ഒരുമിച്ച് സന്ദർശനം നടത്തുമെന്ന് സോമൻ മിത്ര അറിയിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here