ജൂണിൽ ലഭിച്ചത് മൂന്നിലൊന്ന് മഴ, കടുത്ത വരൾച്ചയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
208

ന്യൂദല്‍ഹി (www.mediavisionnews.in)

ജൂൺ മാസത്തിൽ ലഭിച്ച മഴയുടെ അളവിൽ ഗണ്യമായ ഇടിവെന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയിൽ ഏറ്റവും കുറച്ച് മഴ ലഭിച്ച ജൂണ്‍ മാസമായിരുന്നു ഈ വർഷത്തേതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ വൈകുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരൾച്ച രൂക്ഷമാക്കുന്നു.ഇത്തവണ മൂന്നില്‍ ഒന്ന് സംസ്ഥാനങ്ങളില്‍ പോലും മണ്‍സൂണ്‍ എത്തിയിട്ടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ശരാശരിയുടെ മൂന്നിലൊന്ന് മഴ മാത്രമാണ് ജൂണ്‍ മാസത്തില്‍ ലഭിച്ചതെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സാധരാണയായി ജൂൺ ആദ്യവാരത്തിൽ ആരംഭിക്കുന്ന മൺസൂൺ ജൂലായ് ഒന്നോടെ രാജ്യത്തെ ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിക്കാറാണ് പതിവ്. ഇത്തവണ അതുണ്ടായിട്ടില്ല. വരുന്ന രണ്ട്-മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് മഴ ശക്തിപ്രാപിച്ചില്ലെങ്കില്‍ കാര്‍ഷിക രംഗത്തിന് വലിയ തിരിച്ചടി ആയേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ കാർഷിക രംഗത്തിന് പുറമെ വരുംവര്‍ഷത്തെ രാജ്യത്തെ സാമ്പത്തിക നിലയെ പോലും ബാധിക്കുന്ന തരത്തിൽ ആശങ്കയാണ് ഉയരുന്നതാണിത്. ഇന്ത്യയിലെ കാര്‍ഷിക മേഖലയുടെ 50 ശതമാനവും മഴയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നു എന്നതാണ് ഇതിന് പ്രധാന കാരണമായി കണക്കാക്കുന്നത്.

അറബിക്കടലില്‍ രൂപപ്പെട്ട വായു ചുഴലിക്കാറ്റാണ് കേരളത്തിലെ മഴയെ ബാധിച്ചത്. ജൂണ്‍ എട്ടോടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയെങ്കിലും വായുവിന്റെ ഫലമായി ഇത് ദുർബലമാവുകയായിരുന്നു. ഇതോടെ കേരളത്തിലും മഴയുടെ അളവിലും കാര്യമായ കുറവുണ്ടായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വേനൽകാലത്തിനു സമാനമായ അന്തരീക്ഷമാണ് കേരളത്തിൽ.

എന്നാൽ‌ ജൂലായ് ആദ്യപകുതിയോടെ കിഴക്കന്‍ സംസ്ഥാനങ്ങളിലും മധ്യേന്ത്യയിലും നല്ല മഴ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ ഇതിന് സാധ്യത കുറവാണ്. ശരാശരിയിലും താഴ്‌ന്ന മഴയേ ലഭിക്കാനിടയുള്ളൂ എന്നാണ് വിലയിരുത്തൽ. ജൂലായുടെ രണ്ടാം പകുതിയില്‍ ഇവിടങ്ങളില്‍ മഴയുടെ ലഭ്യത കൂടിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here